പ്രഭാസ്, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഖ്യാപനം മുതൽ വാർത്താ പ്രധാന്യം നേടിയ ചിത്രത്തിന്റെ ടീസറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഗ്രാഫിക്സിന് ഏറെ പ്രധാന്യം കൊടുക്കുന്ന ചിത്രമാണിത്. എന്നാൽ കഥയോട് നീതിപുലർത്താൻ വി. എഫ്. എക്സിന് കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനവും ഉയരുന്നുണ്ട്.
സിനിമക്കെതിരെ വിമർശനം ഉയരുമ്പോൾ നെഗറ്റീവ് കമന്റിൽ പ്രതികരിച്ച് സംവിധായകൻ ഓം റൗട്ട്. ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു പ്രതികരണം. ടീസറിന് ലഭിച്ച നെഗറ്റീവ് കമന്റുകൾ ഏറെ നിരാശപ്പെടുത്തി എന്നും എന്നാൽ ഇതിൽ ഒരു അദ്ഭുതമില്ലെന്നും ഓം പറഞ്ഞു.
ആദിപുരുഷിന്റെ ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം കാണുമ്പോൾ ഏറെ വേദനയുണ്ട്. എന്നാൽ നെഗറ്റീവ് കമന്റുകൾ അതിശയപ്പെടുത്തുന്നില്ല. കാരണം ഇത് തിയറ്ററിന് വേണ്ടി ഒരുക്കിയ ചിത്രമാണ്. മൊബൈൽ ഫോണിൽ കാണുമ്പോൾ പൂർണ്ണ തൃപ്തി ലഭിക്കില്ല. അത് എന്റെ നിയന്ത്രണത്തിൽ അല്ല. ഒരു അവസരം ലഭിച്ചിരുന്നുവെങ്കിൽ വീഡിയോ യൂട്യൂബിൽ ഇടില്ലായിരുന്നു. എന്നാൽ അങ്ങനെ ചെയ്യേണ്ടി വന്നു. ഒരു വലിയ വിഭാഗം ആളുകളിലേക്ക് സിനിമ എത്തണമെങ്കിൽ യൂട്യൂബിൽ നൽകേണ്ടി വരും'- ഓം റൗട്ട് വ്യക്തമാക്കി.
പ്രഭാസിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ആദിപുരുഷ്. 500 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഇതിൽ 250 കോടിയും വി. എഫ്. എക്സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് താരം കൃതി സിനോൺ ആണ് നായിക. 2023 തുടക്കത്തിൽ ചിത്രം തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.