അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ദേശീയ പുരസ്കാര ജേതാവ് സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമാണ് സർഫിരാ. സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് എന്ന തമിഴ് സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. ജൂലൈ 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ കൈവിട്ടിരിക്കുകയാണ് പ്രേക്ഷകർ. 80 കോടി ബജറ്റിലൊരുക്കിയ ചിത്രം ആദ്യ ദിനം കേവലം രണ്ട് കോടി മാത്രമാണ് നേടിയത്. പതിനഞ്ച് വർഷത്തിനിടെ അക്ഷയ് കുമാർ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്.
ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ അക്ഷയ് കുമാർ ചിത്രമായിരുന്നു സർഫിരാ. നടന്റെ 150ാം മത്തെ ചിത്രമായിരുന്നു ഇത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ മറ്റു ചിത്രങ്ങളും തിയറ്ററുകളിൽ വൻ അബദ്ധമായിരുന്നു.
ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രമാണ് ചെയ്ത ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാൻ. ചിത്രത്തിന് മുടക്കു മുതലിന്റെ നാലിലൊന്ന് പോലും ചിത്രത്തിന് നേടാനായില്ല.ഏകദേശം 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ കേവലം 59 കോടിയായിരുന്നു. മിഷൻ റാണിഗഞ്ജ് 2.8 കോടിയിൽ ഒതുങ്ങി. മലയാള ചിത്രം ഡ്രൈവ് ലൈസൻസിന്റെ ഹിന്ദി പതിപ്പായ സെൽഫിക്ക് ആദ്യദിനം നേടാനായത് 2.5 കോടി മാത്രമാണ്. 24. 6 കോടിയായിരുന്നു ചിത്രം ആകെ കളക്ഷൻ.
കോവിഡിന് ശേഷം ഇറങ്ങിയ അക്ഷയ് കുമാറിന്റെ ഭൂരിഭാഗം ചിത്രങ്ങളും പരാജയമായിരുന്നു.2021 നവംബറിലെത്തിയ സൂര്യവന്‍ശിയും 2023ലെ ഒഎംജി 2 മാത്രമായിരുന്നു ബോക്സോഫീസിൽ അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. 2022ൽ തിയറ്ററുകളിലെത്തിയ ബച്ചൻ പാണ്ഡെ,300 കോടി മുടക്കി ഒരുക്കിയ സാമ്രാട്ട് പൃഥ്വിരാജ് ,രക്ഷാബന്ധൻ എന്നീ ചിത്രങ്ങൾ വമ്പൻ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. 2022 ഒക്ടോബറിലെത്തിയ രാം സേതുവും രണ്ടക്കത്തിന് അപ്പുറത്തേക്ക് പോയില്ല. 150 കോടി ചെലവഴിച്ചൊരുക്കിയ ചിത്രം 92 കോടിയാണ് നേടിയത്.
അക്ഷയ് കുമാറിന്റെ തുടർച്ചയായുള്ള പരാജയം ബോളിവുഡിൽ വലിയ ചർച്ചയായിട്ടുണ്ട്. സർഫിരാക്ക് ശേഷം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കണ്ണപ്പ, സ്കൈ ഫോഴ്സ്, ഹേരാ ഫേരി 3, സിങ്കം എഗെയ്ൻ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.