'ബഡേ മിയാൻ ഛോട്ടേ' മിയാനിലേക്ക് പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടാൻ ഏറെ പ്രയാസമായിരുന്നെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തെക്കാൾ നല്ലൊരു ഓപ്ഷൻ ഇല്ലെന്നും അക്ഷയ് കുമാറിനെക്കാളും ടൈഗറിനേക്കാൾ പ്രധാന്യം നൽകിയത് പൃഥ്വിക്കാണെന്നും സംവിധായകൻ പറഞ്ഞു. പൃഥ്വി സെറ്റിലെത്തിയാൽ തങ്ങൾ ജൂനിയർ ആർട്ടിസ്റ്റുകളാണെന്ന് അക്ഷയ് കുമാർ തമാശക്ക് പറയുമായിരുന്നെന്നും സഫർ കൂട്ടിച്ചേർത്തു.
'ബഡേ മിയാൻ ഛോട്ടേ മിയാൻ ചെയ്യുന്ന സമയത്ത് പൃഥ്വി മറ്റൊരു വലിയ ചിത്രം ചെയ്യുന്നുണ്ടായിരുന്നു. ഡേറ്റ് പ്രശ്നമുണ്ടായിരുന്നതിനാൽ തുടക്കത്തിൽ അദ്ദേഹം ചിത്രം നിരസിച്ചു. എന്നാൽ ഞാൻ നിരന്തരം പൃഥ്വിയെ സമീപിച്ചതോടെ ചിത്രം ചെയ്യാൻ സമ്മതിച്ചു. അക്ഷയ്‌യുടെയും ടൈഗറിനൻറെയും ഡേറ്റ് ഞാൻ മാറ്റിക്കോളാം നിങ്ങളൊന്ന് വന്നാൽ മതിയെന്നാണ് ഞാൻ പൃഥ്വിയോട് പറഞ്ഞത്.
നാല് മണിക്കൂറാണ് ഞങ്ങൾക്ക് അദ്ദേഹം നൽകിയ സമയം. പൃഥ്വി സെറ്റിൽ എത്തുമ്പോൾ, അക്ഷയ്‌യും ടൈഗറും തമാശക്ക് എന്നോട് പറയുമായിരുന്നു, 'ഇന്ന് ഞങ്ങൾ ജൂനിയർ ആർട്ടിസ്റ്റുകളാണ്,ഇനിയുള്ള ശ്രദ്ധയെല്ലാം അവനിലാണെന്ന്. കബീർ എന്ന പ്രതിനായകനാവാൻ പൃഥ്വിയല്ലാതെ മറ്റൊരു ഓപ്ഷൻ ഞങ്ങൾക്ക് ഇല്ലായിരുന്നു. അത് ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. കബീറിനെ അവതരിപ്പിക്കാൻ ഒരു സൂപ്പർ താരത്തെ വേണമായിരുന്നു. പൃഥ്വിയുടെ പേര് പറഞ്ഞപ്പോൾ ഏറ്റവും ഉത്തമം എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.
പൃഥ്വിരാജിന്റെ പ്രകടനത്തെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യാനില്ല. പക്ഷേ ഒരു കാര്യം മാത്രം പറയാം, അദ്ദേഹം ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത് അല്പം സ്പെഷലാണ്. അക്ഷയ് കുമാർ ഈ ചിത്രം കണ്ടതിനുശേഷം തന്നോടുപറഞ്ഞത് പൃഥ്വി ഞങ്ങളെയെല്ലാം കടത്തിവെട്ടി എന്നാണ്'- അലി അബ്ബാസ് സഫർ അഭിമുഖത്തിൽ പറഞ്ഞു
ഏപ്രിൽ 10നാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ തിയറ്ററുകളിലെത്തുന്നത്. മാനുഷി ചില്ലർ, അലയ എഫ്, സോനാക്ഷി സിൻഹ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.