സിനിമയുടെ പേര് പ്രഖ്യാപിച്ച് അലി അക്ബർ; ട്രോളുകൾ കാരണം കൂടുതൽ ഫണ്ട് കിട്ടിയെന്ന്

കോഴിക്കോട്: മലബാർ കലാപം പശ്ചാത്തലമാക്കി സംഘപരിവാർ സഹചാരി അലി അക്ബർ ഒരുക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. '1921 പുഴ മുതൽ പുഴ വരെ' എന്നാണ് സിനിമയുടെ പേരെന്ന് അലി അക്ബർ പറഞ്ഞു. സിനിമക്കെതിരായ ട്രോളുകൾ കാരണം കൂടുതൽ പണം ലഭിച്ചെന്നും അലി അക്ബർ അവകാശപ്പെട്ടു.

ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അതിനാലാണ് ഇത്തരമൊരു പേരെന്നും അലി അക്ബർ പറയുന്നു. തനിക്കെതിരെ ആയിരക്കണക്കിന് ട്രോളുകള്‍ ഇറങ്ങി. ആ ട്രോളുകള്‍ ആയിരിക്കണം 'മമധര്‍മ്മ'യെ ലോകത്ത് എല്ലായിടത്തും എത്തിച്ചത്. ട്രോളുകള്‍ ഇല്ലെങ്കില്‍ മമധര്‍മ്മയെക്കുറിച്ച് ആളുകള്‍ ഇത്തരത്തില്‍ അറിയുമായിരുന്നില്ല. കൊറോണയുടെ സാഹചര്യം ഇല്ലായിരുന്നുവെങ്കില്‍ സിനിമ ഇതിനകം ചിത്രീകരണം ആരംഭിച്ചേനെ. ഫെബ്രുവരി 20, അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം ഷൂട്ടിങ്ങിലേക്ക് കടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് പാട്ടുകളുടെ റെക്കോഡിങ്ങ് കഴിഞ്ഞതായും അലി അക്ബർ പറഞ്ഞു.

'മമധര്‍മയുടെ രഥചക്രം മുന്നോട്ടു തന്നെ പോവുകയാണ്. അതിന് നമ്മുടെ സുഹൃത്തുക്കളെക്കാള്‍ സഹായിച്ചത് കമ്മി, സുഡാപ്പികള്‍ ആണ്. ശത്രുക്കള്‍ ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ചാണ് 50ഉം 100ഉം ഒക്കെയായി ഈ പ്രസ്ഥാനം മുന്നോട്ടു പോയത്. ഇനിയും മുന്നോട്ടു പോകും. യാതൊരു സംശയവും ഇല്ല'-അലി അക്ബർ പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി.ടി. കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - ali akbar announces his movies name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.