തിരുവനന്തപുരം: കാൻ പുരസ്കാര നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ അസീസ് നെടുമങ്ങാട്. ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിൽ ഡോക്ടറുടെ വേഷമാണ് അസീസിന്. സത്യം പറഞ്ഞാൽ പുരസ്കാരത്തിന്റെ മൂല്യമെന്തെന്ന് ആദ്യം മനസ്സിലായില്ലെന്ന് അസീസ് മാധ്യമങ്ങളോടു പറഞ്ഞു.
കാനിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അഭിനന്ദനം അറിയിച്ചവരുണ്ട്. മമ്മൂക്ക ഉൾപ്പെടെ നിരവധി പേർ അഭിനന്ദിച്ചു. നമ്മൾ കൂടി ഭാഗമായ സിനിമക്ക് വലിയ പുരസ്കാരം ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് അസീസ് പറഞ്ഞു.
ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള അഭിമാനത്തിലാണ് എം. നസീം ആസാദ്. പുലാപ്പറ്റ കോണിക്കഴി കെ.എം.എ വീട്ടിൽ മുഹമ്മദ് ഇക്ബാൽ-റഹ്മത്ത് ദമ്പതികളുടെ മകനായ നസീമാണ് ചിത്രത്തിന്റെ തിരക്കഥയുടെ മലയാള പരിഭാഷ നിർവഹിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഒന്നര വർഷത്തിലേറെ സമയമെടുത്തും മറുനാടുകൾ സന്ദർശിച്ചും മലയാളത്തിനാവശ്യമായ പ്രമേയവും കഥയും രൂപപ്പെടുത്തിയെടുക്കാൻ നിരവധി പഠനപ്രവർത്തനങ്ങളും ഗവേഷണവും നടത്തി.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് സൂപ്പർവൈസറായ നസീമാണ് മലയാള സംഭാഷണങ്ങൾ തയാറാക്കിയതും. നാലു വർഷമായി ഈ മേഖലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.