പുഷ്പ 2 ആഗസ്റ്റ് 15 ന് എത്തില്ല; കാരണം‍? പുതിയ റിലീസ് ഡേറ്റ് പുറത്ത്

 അല്ലു അർജുൻ ചിത്രം പുഷ്പ2 ന്റെ റിലീസ് നീട്ടിയതായി അണിയറപ്രവർത്തകർ. മൈത്രി മൂവി മേക്കേഴ്സിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബർ ആറിനാണ് ചിത്രമെത്തുക.  സിനിമയുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാവാത്തതിനെ തുടർന്നാണ് റിലീസ് നീട്ടിയത്.

'പുഷ്പ 2 ദ റൂൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. പുഷ്പ: ദി റൈസിന്റെ വൻ വിജയത്തിന് ശേഷം, പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള  ഞങ്ങളുടെ ഉത്തരവാദിത്തം വർധിച്ചു. സിനിമ പൂർത്തിയാക്കാനും കൃത്യസമയത്ത് റിലീസ് ചെയ്യാനും ഞങ്ങൾ അശ്രാന്ത പരിശ്രമത്തിലാണ്. സിനിമയുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാവാത്തതിനെ തുടർന്ന് പുഷ്പ 2  ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാൻ കഴിയില്ല. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം നൽകാനാണ്  ഞങ്ങൾ ആഗ്രഹിക്കുന്നത്. 

ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും എല്ലാ ഭാഷകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.അതിൽ ഏറെ സന്തോഷ മുണ്ട്. നിങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പിന്തുണക്ക് നന്ദി'- നിർമാതാക്കൾ പറഞ്ഞു.

നേരത്തെ ആഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന്റെ ആദ്യഭാഗമായ പുഷ്പ: ദി റൈസ് 2021 ഡിസംബർ 17-നാണ് റിലീസ് ചെയ്‌തത്.  ചിത്രത്തിലൂടെ മലയാളി നടൻ ഫഹദ് ഫാസിലും  പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ എത്തിച്ചുകൊണ്ടവസാനിച്ച പുഷ്പയുടെ തുടർച്ചയ്ക്കായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുഷ്പയുടെ  രണ്ടാംഭാഗം എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.



Tags:    
News Summary - Allu Arjun's Pushpa 2 Pushed To December - Here's Why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.