വയനാടിനായി എല്ലാവരും മുന്നോട്ട് വരണം; സഹായവുമായി ആസിഫ് അലി

യനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലി.എന്നാൽ തുക നടൻ വെളിപ്പെടുത്തിയിട്ടില്ല. എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായംനൽകണമെന്നും വയനാടിന്റെ അതിജീവനത്തിനായി ഒന്നിച്ചു നിൽക്കമെന്നും  ആസിഫ് പറയുന്നു.

'വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്‍റെ അതിജീവനത്തിനുവേണ്ടി ആളുകള്‍ മുന്നോട്ടുവരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം'- ആസിഫ് അലി 

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് ചിത്രം ‘അഡിയോസ് അമീഗോ'യുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്.

മഹാദുരന്തത്തെ നേരിട്ട വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി നിരവധി സിനിമാതാരങ്ങൾ എത്തിയിട്ടുണ്ട്.ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷവും ഫഹദ് ഫാസിൽ-നസ്രിയ ദമ്പതികൾ ചേർന്ന് 25 ലക്ഷവും കൈമാറി.

മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിയുടെ സി.പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിന് വയനാട്ടിലേക്ക് വാഹനങ്ങൾ അയച്ചിട്ടുണ്ട്. ആംബുലൻസ് സർവിസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ തുടങ്ങിയവയാണ് എത്തിക്കുന്നത്.

തമിഴ് സിനിമ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയിരുന്നു. സൂര്യ, കാർത്തി, ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയാണ് നൽകിയത്. വിക്രം കഴിഞ്ഞ ദിവസം 20 ലക്ഷം ​കൈമാറിയിരുന്നു. നടി രശ്മിക മന്ദാന 10 ലക്ഷവും നൽകിയിട്ടുണ്ട്.

അതേസമയം ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നാലാംദിവസവും തുടരുകയാണ്.മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം കവർന്നവരുടെ എണ്ണം 316 ആയി. ഇനി 298 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സൈന്യത്തിന്റെ ബെയ്‍ലി പാലം പ്രവർത്തന സജ്ജമായതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 578 കുടുംബങ്ങളിലെ 2,328 പേരാണുള്ളത്.

.


Tags:    
News Summary - Asif Ali Donate wayanad landslide relief Amount undisclosed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.