താനും പൃഥ്വിരാജും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് നടൻ ആസിഫ് അലി. 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിൽ ആസിഫ് അലി ചെയ്യാനിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം മറ്റൊരു താരത്തിന് നൽകിയെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു നടന്റെ പ്രതികരണം. സാധാരണ ഇത്തരം കാര്യങ്ങളോടൊന്നും പ്രതികരിക്കാറില്ലെന്നും എന്നാൽ ഇതിൽ വ്യക്തത വരുത്തണമെന്ന് തോന്നിയെന്നും ആസിഫ് അലി പറഞ്ഞു.തലവന്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പ്രതികരിച്ചത്.
'അമര്‍ അക്ബര്‍ ആന്തോണി' എന്ന ചിത്രത്തിൽ രാജുവേട്ടൻ ഇടപെട്ട് എന്നെ മാറ്റിയെന്ന് പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. അതൊന്നും വാസ്തവമല്ല. ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. രാജുവേട്ടൻ പറഞ്ഞതിന്റെ അർഥം, അൽപം കൂടി പ്രായമുളള ആളെ വേണമെന്നാണ്. അവരുടെ ഇടയിൽ ഞാൻ പോയി നിന്നാൽ ഒരു അനിയനെ പോലെ തോന്നിയേക്കാം. അല്ലാതെ എന്നെ ആ സിനിമയില്‍ നിന്നും മാറ്റണം എന്ന് പറഞ്ഞിട്ടേയില്ല. പറയുന്ന കാര്യങ്ങള്‍ ആളുകള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലെ വ്യത്യാസമാണ് പ്രശ്‌നം. ഞാനായിരുന്നെങ്കില്‍ ഇത്രക്ക് സ്വീകാര്യത കിട്ടിയെന്ന് വരില്ല. ആ മൂന്നു പേരെ കണ്ടുകൊണ്ട് തന്നെയാണ്, ആദ്യദിനം സിനിമ കാണാന്‍ എല്ലാവരും എത്തിയത്.എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ ഒരു ടീമാണ് അത്.
ഷൂട്ടിങ്ങിനിടെ എനിക്ക് ഒരു അപകടം പറ്റിയിരുന്നു. അന്ന് തൊട്ട് എല്ലാദിവസവും രാജുവേട്ടനും സുപ്രിയചേച്ചിയും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. രാജുവേട്ടനെ ചികിത്സിച്ച അതേ ഹോസ്പിറ്റലില്‍ അതേ ഡോക്ടറുടെ അടുത്ത് തന്നെ പോകണം എന്ന് പറഞ്ഞു. സര്‍ജറി കഴിഞ്ഞപ്പോള്‍ ഇതുകൊണ്ട് എല്ലാം തീര്‍ന്നു എന്ന് കരുതരുത്, മൂന്നുമാസം വീട്ടില്‍ വിശ്രമിക്കണം, ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരാണ് അവര്‍. ഞങ്ങള്‍ക്കിടയില്‍ ഒരു വലിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞുണ്ടാക്കുന്നത് വലിയ വിഷമമാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒന്നിനോടും ഞാന്‍ പ്രതികരിക്കാത്തതാണ്. പക്ഷേ ഇതില്‍ വ്യക്തത നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു'- ആസിഫ് അലി പറഞ്ഞു.
2015-ല്‍ നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രമാണ് അമർ അക്ബർ അന്തോണി. പഥ്വിരാജ്, ജയസൂര്യ ,ഇന്ദ്രജിത്ത് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആസിഫ് അലി അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
സംവിധായകൻ നാദിർഷയാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ ആസിഫിനെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നതെന്നും പൃഥ്വിരാജിന്റെ പ്രേരണയാല്‍ ആ തീരുമാനം മാറ്റിയെന്നും വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.