തൃശൂർ: 'വെട്ടിപ്പിടിക്കലുകൾ അയാളുടെ അജണ്ടയിൽ ഇല്ലായിരുന്നു. ശേഷിപ്പിച്ചത് ഓർമകളാണ്. ഇപ്പോൾ എെൻറ മുറിയിൽ ഒറ്റക്കിരുന്ന് എനിക്ക് ജയൻ എന്തായിരുന്നുവെന്ന് അറിയുന്നു. അയാൾ തന്ന സ്നേഹത്തിന് ഉറച്ച മണ്ണിെൻറ പേശീബലമുണ്ടായിരുന്നു. അരയാലിെൻറ തണലുണ്ടായിരുന്നു. അമ്മയുടെ വിയർപ്പിെൻറ നിസ്വാർഥതയുണ്ടായിരുന്നു. ചാവേറിെൻറ വീറും ബോധ്യവുമുണ്ടായിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി എെൻറ ജീവിതത്തിെൻറ തന്നെ ഭാഗമാണയാൾ. അതാണ് ഇല്ലാതായത്. സുഹൃത്തായിരുന്നു, സഹോദരനായിരുന്നു, താങ്ങായിരുന്നു, തണലായിരുന്നു'... ശനിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായ തെൻറ സിനിമയിലെ സഹപ്രവർത്തകനായ പി.കെ. ജയകുമാറിനെക്കുറിച്ച് (ജെയ്ൻ കൃഷ്ണ) സംവിധായകനായ ബി. ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
തൃശൂർ പൂവണി പുല്ലർക്കാട്ടിൽ വീട്ടിലേക്ക് സിനിമ താരങ്ങളുടെ ഒഴുക്കായിരുന്നു. ഉള്ളുലച്ച വാക്കുകൾകൊണ്ട് സിനിമ പ്രവർത്തകരുടെയും നാട്ടുകാരുടെയും സമൂഹമാധ്യമങ്ങളിലും ജയൻ നിറഞ്ഞുനിന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പൊട്ടിക്കരഞ്ഞു. അത് കണ്ട വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണുനിറഞ്ഞു.
ബിജുമേനോൻ, ജിബു ജേക്കബ്, അനിൽ സി. മേനോൻ, സുനിൽ കര്യാട്ടുകര, നിർമാതാവ് ഷോഗൺ രാജു, ഷെമീർ മുഹമ്മദ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ ഗാനരചിതാവ് ബി.കെ. ഹരിനാരായണൻ എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ തോമസ് , മഞ്ജു വാര്യർ എന്നിവരും ഫേസ്ബുക്കിലൂടെ ദുഃഖം പങ്കുവെച്ചു. ജയെൻറ മൃതദേഹം ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.