അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 11 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.
320 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യദിനം നേടിയത് 15. 50 കോടിയാണ്. പാൻ ഇന്ത്യൻ റിലീസായിട്ട് എത്തിയ ഛോട്ടെ മിയാൻ ബഡേ മിയാന്റെ ഏറ്റവും കുറഞ്ഞ ഓപ്പണിങ് കളക്ഷനാണിതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഈദ് ദിനമായിട്ട് പോലും ചിത്രത്തിന് വേണ്ടരീതിയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണെങ്കിലും പൃഥ്വിരാജിന്റെ വില്ലൻ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കബീറായി നടൻ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം. അക്ഷയ് കുമാറിന്റെയും ടൈഗറിന്റെയും ആക്ഷൻ രംഗങ്ങളും പൃഥ്വിരാജിന്റെ പുതുമയുള്ള വില്ലൻ വേഷവുമാണ് ആകെ ചിത്രത്തിലുള്ളതെന്നും പ്രേക്ഷകർ പറയുന്നു.
ഹൃത്വിക് റോഷൻ ചിത്രം ഫൈറ്റാണ് ഈ വർഷം മികച്ച കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം. 250 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 337 കോടിയാണ് ബോക്സോഫീസിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. 24.6 കോടിയായിരുന്നു ഫൈറ്ററിന്റെ ഓപ്പണിങ് കളക്ഷൻ.പൃഥ്വിരാജിന്റെ നാലമത്തെ ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അതെസമയം പൃഥ്വിരാജിന്റെ ആടുജീവിതം മികച്ച സ്വീകാര്യ നേടി പ്രദർശനം തുടരുകയാണ്. ആടുജീവിതം 14 ദിവസം പിന്നിടുമ്പോൾ 125 കോടിയാണ് സമാഹരിച്ചിരിക്കുന്നത്. 65 കോടിയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ. 50 കോടിയിലധികം കേരളത്തിൽ നിന്ന് ചിത്രം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.