യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി. നായരെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും മർദിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. തെൻറ ആദ്യചിത്രമായ 'ഉത്രാടരാത്രി' മുതൽ ഭാഗ്യലക്ഷ്മിയെ അറിയാമെന്നും അവർക്കിങ്ങനെയൊരു ദുര്യോഗമുണ്ടായതിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
വൈകിട്ടത്തെ ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി തെൻറ പ്രവർത്തിയെ സാധൂകരിച്ച് പറയുന്നതും ഞാൻ ശ്രദ്ധിച്ചു. 'സ്വന്തം ചോരക്കു നോവുമ്പം ചോര പ്രതികരിക്കും' എന്നവർ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക നിമിഷത്തിൽ തെൻറ നിയന്ത്രണം വിട്ടു പോയി എന്ന് തുറന്നുസമ്മതിക്കാനും ഭാഗ്യലക്ഷ്മി മടിച്ചില്ല.. ഇടപെടേണ്ടവർ സമയത്തു ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് കേരളത്തിലെ സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ചു വക്കാലത്തെടുക്കേണ്ടി വന്നതെന്നാണ് അവർ സമർത്ഥിച്ചതെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, പൊതുസമൂഹം ഇൗ വിഷയത്തിൽ പ്രതികരിച്ച രീതിയോട് തനിക്ക് വിയോജിപ്പുണ്ടെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. 'സുഗതകുമാരി ടീച്ചറും, ആരോഗ്യമന്ത്രിയും, വനിതാകമ്മീഷൻ ചെയർമാനുമൊക്കെ ഒരാളിെൻറ വീട്ടിൽ കയറിച്ചെന്നു കരി ഓയിൽ ഒഴിച്ച് കയേറ്റം ചെയ്‍ത ഒരാളെ അഭിനന്ദിക്കുന്ന തലത്തിൽ പെരുമാറിയത് നല്ല സന്ദേശമാണോ നൽകുന്നത് എന്ന് കൂടി ആലോചിക്കണം.
കുറ്റവാളിയെ പിടിക്കേണ്ട ജോലി പോലീസിനും , ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്കും , അവരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത്. വികാരവിക്ഷോഭം ഉണ്ടാകുമ്പോൾ ബുദ്ധി കൈവിട്ടു വികാരത്തിന് അടിമപ്പെടുന്നത് ശരിയാണോ എന്ന് ഭാഗ്യലക്ഷ്മിക്കു പിന്തുണ പ്രഖ്യാപിച്ച സംഘടനകളും ഒരു നിമിഷം ഓർക്കണം. ഇവിടെ നടന്നിരിക്കുന്നത് തികച്ചും ഒരു നിയമ പ്രശ്നമാണ്. നിയമം നിയമത്തിെൻറ വഴിക്കു പോകും; പോകണം. ഹിതപരിശോധനക്കു ഇവിടെ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലതരത്തിലുള്ള പ്രതിഷേധങ്ങൾ നാം കണ്ടിട്ടുണ്ട് . ഇഷ്ടമില്ലാത്തവരുടെ കോലം കത്തിച്ചു ,"കത്തട്ടങ്ങിനെ കത്തട്ടെ ..." എന്ന് മുദ്രാവാക്യം മുഴക്കുന്നത് വരെ . എന്നാൽ ഒരു ട്രാക്റ്റർ ലോറിയിൽ കൊണ്ടു വന്നിട്ട് ജനനിബിഡമായ ഇന്ത്യ ഗേറ്റിനരികിൽ കത്തിച്ചു പ്രതിഷേധിക്കുന്ന കർഷകരുടെ ധാർമ്മികരോഷമാണ് ഇന്നത്തെ പ്രധാനവാർത്ത.
കർഷകർക്ക് മാത്രമല്ല , അസഹിഷ്ണുതയും ധാർമിക രോഷവും ഇപ്പോൾ 'തൂണിലും തുരുമ്പിലും' ഉണ്ടെന്നുള്ളതാണ് വാസ്തവം . ഇന്നലെ മുഴുവൻ എല്ലാ ചാനലുകളും മത്സരിച്ചു സംപ്രേഷണം ചെയ്ത ശ്രീമതി ഭാഗ്യലക്ഷ്മിയുടെ കരി ഓയിൽ പ്രയോഗവും കടന്നാക്രമണവും തന്നെയാണ് ഈ കുറിപ്പിന് ആധാരം . "തന്നെപ്പറ്റി മോശമായ ഒരു പരാമർശം വന്നിട്ട് അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പൊലീസും പൊതു സമൂഹവും തയ്യാറായില്ല" എന്ന ഭാഗ്യലക്ഷ്മിയുടെ പരാതി തന്നെയാണ് ഇപ്പോൾ എെൻറ ഈ പ്രതികരണത്തിന് കാരണമെന്നും കരുതാം ...
എെൻറ ആദ്യ ചിത്രമായ "ഉത്രാടരാത്രി" മുതൽ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം. എെൻറ എത്രയോ ചിത്രങ്ങളിൽ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട് ."ഞാൻ സംവിധാനം ചെയ്യും " എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് . ഞാൻ നയിക്കുന്ന റോസസ് ദി ഫാമിലി ക്ലബ്ബിെൻറയും , എെൻറ പുസ്തകപ്രകാശങ്ങളുടെയും ചടങ്ങുകളിലൊക്കെ അവർ സജീവ സാന്നിധ്യമായിരുന്നു.
കോടമ്പാക്കത്തു നിന്നും ഭാഗ്യലക്ഷ്മി തിരുവനന്തപുരത്തു വന്നതും എെൻറ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും എനിക്ക് സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു... വെറും ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി അന്തപുരിയിലെ സാമൂഹ്യ രംഗങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ അവർ വെച്ചടി വെച്ചടി ഉൽസുകയാകുന്നതും അഭിമാനത്തോടെ തന്നെ ഞാൻ കണ്ടിട്ടുണ്ട് . വേഷവിധാനത്തിലും ഇടപഴലുകളിലും നോക്കിലും വാക്കിലും ഒരു കുലീനത സൂക്ഷിക്കാൻ മനപ്പൂർവ്വമായി ശ്രമിക്കുന്ന ഒരു ഒരാളായിട്ടാണ് ഞാൻ അവരെ മനസ്സിലാക്കിയിരിക്കുന്നത് . എന്നാൽ ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളിൽ കണ്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇങ്ങനെയും ഒരു മുഖം ആ കുലീനതക്കുപിന്നിൽ ഉണ്ടോ എന്ന് അതിശയിച്ചുപോയി.
വൈകിട്ടത്തെ ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി തെൻറ പ്രവർത്തിയെ സാധൂകരിച്ചു പറയുന്നതും ഞാൻ ശ്രദ്ധിച്ചു. "സ്വന്തം ചോരക്കു നോവുമ്പം ചോര പ്രതികരിക്കും' എന്നവർ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു .'ആരാൻറമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല് " എന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. തെൻറ മക്കളുടെയും മരുമകളുടെയും മുന്നിൽ തനിക്കു തോന്നിയ അഭിമാനക്ഷതം അവർ പറയുന്നത് തികച്ചും ന്യായം. ഒരു പ്രത്യേക നിമിഷത്തിൽ തെൻറ നിയന്ത്രണം വിട്ടു പോയി എന്ന് തുറന്നുസമ്മതിക്കാനും അവർ മടിച്ചില്ല.. ഇടപെടേണ്ടവർ സമയത്തു ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് കേരളത്തിലെ സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ചു വക്കാലത്തെടുക്കേണ്ടി വന്നതെന്നാണ് അവർ സമർത്ഥിച്ചതു. അവർക്കിങ്ങനെ ഒരു ദുര്യോഗമുണ്ടായതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു.
ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ച വീഡിയോ ഞാൻ കണ്ടില്ല , അതിനു ഹേതുവായ വ്യക്തിയെ ഒട്ടറിയുകയുമില്ല. " നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി " എന്ന് പറഞ്ഞ ശ്രീ തോപ്പിൽ ഭാസിയെയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. " അച്ചനു ഈ പട്ടം തന്നതും എെൻറ അരക്കെട്ടഴിച്ചതും ഈ സമൂഹമാണച്ചോ " എന്ന് പറയിപ്പിച്ച ശ്രീ എൻ.എൻ പിള്ളയേയും. ( കാപാലിക എന്ന നാടകമാണോ എന്ന് സംശയം) അപ്പോൾ അതാണ് കാര്യം.
സമൂഹമാണ് ഇതിനു കാരണം. സമൂഹം എന്നാൽ ഞാനും നിങ്ങളും അങ്ങിനെ എല്ലാവരും. അതിെൻറ അർഥം, എെൻറ ഒരു വിരൽ ലാപ്ടോപ്പിെൻറ കീബോർഡിൽ ഈ പോസ്റ്റ് തയ്യാറാക്കുമ്പോൾ മറ്റു ശേഷമുള്ള നാല് വിരലുകൾ എനിക്ക് നേരെ കുന്തമുനകൾ പോലെ നിൽക്കുന്നു എന്നെനിക്കു തോന്നുന്നു. അപ്പോൾ നാം നന്നാവുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളു...
ഭാഗ്യലക്ഷ്മിയുടെ കാര്യത്തിൽ പൊതു സമൂഹം പ്രതികരിച്ച രീതിയോടാണ് എനിക്ക് വിയോജിപ്പുള്ളത്. സമൂഹം അങ്ങേയറ്റം ബഹുമാനിക്കുന്ന സുഗതകുമാരി ടീച്ചറും, ആരോഗ്യമന്ത്രിയും, വനിതാകമ്മീഷൻ ചെയർമാനുമൊക്കെ ഒരാളിെൻറ വീട്ടിൽ കയറിച്ചെന്നു കരി ഓയിൽ ഒഴിച്ച് കയേറ്റം ചെയ്‍ത ഒരാളെ അഭിനന്ദിക്കുന്ന തലത്തിൽ പെരുമാറിയത് നല്ല സന്ദേശമാണോ നൽകുന്നത് എന്ന് കൂടി ആലോചിക്കണം . കുറ്റവാളിയെ പിടിക്കേണ്ട ജോലി പോലീസിനും , ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്കും , അവരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത്.
വികാരവിക്ഷോഭം ഉണ്ടാകുമ്പോൾ ബുദ്ധി കൈവിട്ടു വികാരത്തിന് അടിമപ്പെടുന്നത് ശരിയാണോ എന്ന് ഭാഗ്യലക്ഷ്മിക്കു പിന്തുണ പ്രഖ്യാപിച്ച സംഘടനകളും ഒരു നിമിഷം ഓർക്കണം. ഇവിടെ നടന്നിരിക്കുന്നത് തികച്ചും ഒരു നിയമ പ്രശ്നമാണ്. നിയമം നിയമത്തിെൻറ വഴിക്കു പോകും; പോകണം. ഹിതപരിശോധനക്കു ഇവിടെ യാതൊരു പ്രസക്തിയുമില്ല . സമൂഹമനസ്സാക്ഷിയെ കൂട്ടുപിടിച്ചു ഇവിടെ നടന്ന കുറ്റകൃത്യത്തെ അതിരു വിട്ടു ആദർശവൽക്കരിച്ചാൽ, അങ്ങിനെ ഓരോരുത്തരും ഇതിനെ മാതൃകയായി സ്വീകരിച്ചാൽ, "പല്ലിനു പല്ല് ; നഖത്തിന് നഖം" എന്ന നിലയിൽ അടി തുടങ്ങിയാൽ എന്താവും സ്ഥിതി എന്നാലോചിച്ചു നോക്കുക....
ഇവിടുത്തെ പ്രധാന വില്ലൻ സോഷ്യൽ മീഡിയ ആണ്. കോവിഡ് വെക്കേഷൻ തുടങ്ങിയതിൽ പിന്നെ യു ട്യൂബിെൻറ പ്രളയമാണ്. നവജാത ശിശുവും ഒരു ചാനാലായിട്ടാണ് അവതരിക്കുന്നത് . സമൂഹ മാധ്യമങ്ങളിൽ ആര് ,എവിടെ, എന്ത് കാട്ടിക്കൂട്ടുന്നു എന്നത് മോണിറ്റർ ചെയ്യാനുള്ള ഒരു സംവിധാനം പ്രായോഗികമാണോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സെൻസറിങ് ഇല്ലാത്തതു കൊണ്ട് ആർക്കും എന്തും ആരെപ്പറ്റിയും എഴുതാം എന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനുള്ള ശ്രമം എത്രയും പെട്ടന്ന് ആരംഭിച്ച പറ്റൂ. ചാനലുകളിലെ സായാഹ്നചർച്ചകളിൽ മാത്രമായി ഇത് ഒതുങ്ങിപ്പോകരുത്. ഒന്നേ എനിക്ക് പറയാനുള്ളു. ട്രാക്ടർ കത്തിക്കുന്നത് പോലെ ലാഘവമായി ഇവിടെ നടന്ന ഈ സംഭവത്തെ നിസ്സാരവൽക്കരിക്കരുത്..
that's ALL your honour!
പലതരത്തിലുള്ള പ്രതിഷേധങ്ങൾ നാം കണ്ടിട്ടുണ്ട് . ഇഷ്ടമില്ലാത്തവരുടെ കോലം കത്തിച്ചു ,"കത്തട്ടങ്ങിനെ കത്തട്ടെ ..." എന്ന്...
Posted by Balachandra Menon on Monday, 28 September 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.