ആദിപുരുഷ് നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ബോളിവുഡ് ചിത്രം ആദിപുരഷ് നിരോധിക്കണമെന്ന ആവശ്യവുമായി അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ. രാമൻ, ഹനുമാൻ, രാവണൻ എന്നിവരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ സത്യേന്ദ്ര ദാസ് ചിത്രത്തിന്റെ നിരോധനം ആവശ്യപ്പെട്ടത്. സിനിമയെടുക്കുന്നത് ഒരു തെറ്റല്ല. എന്നാൽ, ശ്രദ്ധ ലഭിക്കാൻ മനപൂർവം വിവാദങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യവും ബ്രജേഷ് പതകും സിനിമയുടെ ടീസറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഹിന്ദു ദൈവങ്ങൾക്കും ദേവതമാരോടുമുള്ള ബഹുമാനക്കുറവ് അംഗീകരിക്കാനാവില്ലെന്നായിരുന്നു ബ്രജേഷ് പതകിന്റെ പ്രസ്താവന. ടീസർ കണ്ടില്ലെന്നും എന്നാൽ അത് മതവികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ സിനിമ പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നതിന് മുമ്പ് മാറ്റങ്ങൾ വേണമെന്നായിരുന്നു കേശവ് മൗര്യയുടെ പ്രസ്താവന.

നേരത്തെ സിനിമയിൽ രാവണന്റെ കഥാപാത്രം ചിത്രീകരിക്കുന്നതിന് മുമ്പ് ഗവേഷണം നടത്തിയില്ലെന്ന ആരോപണവുമായി ബി.ജെ.പി വക്താവ് മാളവിക അവിനാശ് രംഗത്തെത്തിയിരുന്നു. രാക്ഷസ രാജാവായ രാവണനെ ചിത്രത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കാണിച്ചിരിക്കുന്നത്. ശിവഭക്തനായ ബ്രാഹ്മണനാണ് രാവണൻ. സിനിമയിലെ നീലക്കണ്ണുള്ള രാവണന്‍റെ കഥാപാത്രം ലെതർ ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്. തുർക്കി സ്വേച്ഛാധിപതിയെ പോലെയാണുള്ളത്. നമ്മുടെ ചരിത്രത്തെയാണ് അവർ സിനിമയാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എന്തും ചെയ്യാനുള്ള അവകാശമില്ല -മാളവിക അവിനാഷ് പറഞ്ഞു.

ട്രെയിലർ ഇറങ്ങിയത് മുതൽ ചിത്രത്തിലെ ​വി.എഫ്.എക്സ് രം​ഗങ്ങൾ വ്യാപക ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ, ചിത്രത്തിനായി ​വി.എഫ്.എക്സ് ജോലികൾ ചെയ്തത് തങ്ങളല്ലെന്ന് പറഞ്ഞ് എൻ.വൈ വി.എഫ്.എക്സ് വാലാ എന്ന കമ്പനി രം​ഗത്തെത്തുകയും ചെയ്തിരുന്നു. നടൻ അജയ് ദേവ്​ഗണിന്റെ ഉടമസ്ഥതയിലുള്ള വി.എഫ്.എക്സ് കമ്പനിയാണ് എൻ.വൈ വി.എഫ്.എക്സ് വാലാ. സിനിമയുടെ വി.എഫ്.എക്സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മീഡിയകൾ തങ്ങളോട് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത് എന്നും എൻ.വൈ വി.എഫ്.എക്സ് വാല കുറിപ്പിൽ പറയുന്നു.

ആദിപുരുഷിന്‍റെ ട്രെയിലർ കണ്ട് നായകൻ പ്രഭാസ് വരെ ദേഷ്യപ്പെട്ടെന്നാണ് സിനിമ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. വി.എഫ്.എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. കുട്ടികൾക്കായുള്ള കൊച്ചുടി.വിയിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്കുപോലും ഇതിലും നിലവാരമുണ്ടെന്നാണ് മലയാളി വിമർശകരുടെ പ്രതികരണങ്ങൾ. ടെമ്പിൾ റൺ എന്ന മൊബൈല്‍ ഗെയ്മിനു പോലും ഇതിലും മികച്ച വി.എഫ്.എക്സ് ആണെന്നും ഇവർ പറയുന്നു.

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമ–രാവണ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോൺ. ലക്ഷ്മണനായി സണ്ണി സിങ്. ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേ. ഇന്ത്യയിൽ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.

Tags:    
News Summary - Ban Adipurush, demands Ayodhya Ram Temple head priest; ‘Making film not crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.