സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. 16 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുരസ്കാരത്തിനായി മത്സരിച്ചത്.
ബേസിൽ ജോസഫ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്ന നടന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
''സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ യുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഈ ലഭിച്ച പുരസ്‌കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്.
എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ലിക്‌സ്, സിനിമയിലെ അഭിനേതാക്കള്‍, എഴുത്തുകാര്‍, സിനിമോട്ടോഗ്രാഫര്‍ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു''-ബേസില്‍ ജോസഫ് കുറിച്ചു.
ആശംസയുമായി ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറുപ്പ്, തുടങ്ങിയവർ എത്തിയിട്ടുണ്ട്.
2021 ഡിസംബർ 31 നാണ് മിന്നൽ മുരളി പ്രദർശനത്തിനെത്തിയത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ഭാഷാവ്യാത്യാസമില്ലാതെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ഷെല്ലി , സ്‌നേഹ ബാബു, ജൂഡ് അന്താണി ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.