ബേസിൽ പൊലീസായാൽ എങ്ങനെയിരിക്കും; മന്ത്രി റിയാസിന്‍റെ സംശയത്തിന് ബേസിലിന്റെ മറുപടി- വിഡിയോ

കോഴിക്കോട് നടന്ന ബേപ്പൂർ ഫെസ്റ്റ് സമാപന ചടങ്ങിൽ സദസ്സിനെ ആവേശത്തിലാഴ്ത്തി നടന്മാരായ ബേസിൽ ജോസഫും സൗബിൻ ഷാഹിറും. ജനുവരി 16ന് തിയറ്ററുകളിലെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന സിനിമയുടെ പ്രചാരണാർഥമാണ് ഇരുവരും ചടങ്ങിന് എത്തിയത്. വേദിയിൽ വെച്ച് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഒരു സംശയത്തിന് രസകരമായ രീതിയിൽ ബേസിൽ നൽകിയ മറുപടി ഹർഷാരവത്തോടെയാണ് ഏവരും ഏറ്റെടുത്തത്.

'അല്ലെങ്കിൽ തന്നെ ബേസിലിനെ സഹിക്കാൻ പറ്റണില്ല, ഇനി പൊലീസ് വേഷത്തിലും ആദ്യമായി എത്തിയാൽ എങ്ങനെയാണ് സഹിക്കുക' എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്. 'ഇതു കഴിയുമ്പോൾ പൊലീസുകാര്‍ എല്ലാവരും കൂടി വരുമോ എന്നറിയില്ല, ഏതായാലും നല്ലവനായ പൊലീസുകാരനാണ്, മാതൃകയായ പൊലീസുകാരനായാണ് ചിത്രത്തിൽ ഞാനെത്തുന്നത്'' എന്ന് ബേസിൽ പറഞ്ഞതും സദസ്സ് കൈയ്യടികളോടെ ഏറ്റെടുത്തു.

'സസ്പെൻസ് ത്രില്ലറായെത്തുന്ന ചിത്രം ഒരു കൊലപാതകവും അതിനുപിന്നാലെയുള്ള കുറ്റാന്വേഷണവും ഒക്കെയായിട്ടാണ് പുരോഗമിക്കുന്നത്. ആക്ഷനും ബ്ലാക്ക് ഹ്യൂമറുമൊക്കെയായി ആദ്യം മുതൽ അവസാനം വരെ എന്‍റർടെയ്ൻ ചെയ്യിക്കുന്ന സിനിമയായിരിക്കുമെന്നും പ്രേക്ഷകരെ എഡ്ജ് ഓഫ് ദ സീറ്റിലിരുത്തുന്ന സിനിമയായിരിക്കുമെന്നും' ബേസിൽ പറഞ്ഞു.

'സിനിമയിൽ നിരവധി സൂപ്പർതാരങ്ങള്‍ പൊലീസ് വേഷത്തിൽ വന്നിട്ടുണ്ടല്ലോ, സിങ്കം പോലെ ഒരു പൊലീസ് വേഷത്തിൽ എനിക്കും നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പ് ജിം ടെയിനറോട് രണ്ടാഴ്ച കൊണ്ട് ബോഡി ഫിറ്റാക്കി തരണമെന്ന് ഞാൻ പറഞ്ഞപ്പോള്‍ രണ്ടാഴ്ച കൊണ്ട് നടക്കുമെന്ന് തോന്നിന്നില്ലെന്നാണ് ട്രെയിനർ പറഞ്ഞത്. എന്നാലും വല്യ കുഴപ്പമില്ലാതെ വന്നിട്ടുണ്ടെന്ന് തോന്നുന്നു', എന്നും ബേസിൽ പറയുകയുണ്ടായി.

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' സിനിമയിലേതായി കൗതുകം ജനിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനേയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പൊലീസുകാരനായി ബേസിലിനേയും കാണിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഏവരും ഏറ്റെടുത്തിരുന്നു.

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്‌, എആർഇ മാനേജർ‍: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.


Tags:    
News Summary - Basil Joseph And minister Riyas Funny video Went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.