മികച്ച ചിത്രത്തിനായുള്ള ഓസ്‌കർ അവാർഡ് പ്രഥമ പരിഗണന പട്ടികയിൽ സൂര്യ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യും. കങ്കുവയെ കൂടാതെ ആടുജീവിതം, സന്തോഷ്(ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍(ഹിന്ദി), ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. 323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോൺ പ്രൈമിലാണ് കങ്കുവ സ്ട്രീം ചെയ്തിരിക്കുന്നത്. നവംബർ 14ന് 38 ഭാഷകളിലായി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. 50 കോടി ബജറ്റിലെത്തിയ ചിത്രം 106.58 കോടിയാണ് ആകെ നേടിയത്.
തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്‍റെ ഞെട്ടലിലാണ് പ്രേക്ഷകർ. അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.