മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്തുവെന്ന ഫോട്ടോഗ്രാഫറും സോഷ്യൽ മീഡിയ മുൻ മാനേജറുമായ ജിനേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മിമിക്രി കലാകാരനും അഭിനേതാവുമായ ബിനു അടിമാലി. തനിക്കെതിരെയുള്ള ജിനേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കാമറ തന്റെ അന്നമാണെന്നും അങ്ങനെയുള്ളപ്പോൾ കാമറ തല്ലിപൊളിക്കാൻ ആകുമോ എന്നും നടൻ ചോദിക്കുന്നു.ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഭാഗം വെളിപ്പെടുത്തിയത്.
'ഒരു ചാനൽ പരിപാടിക്കിടെ വിളിച്ചു വരുത്തി ഒരാളെ ഇടിക്കാൻ കഴിയുമോ? പിന്നെ ആ ചാനലിൽ പരിപാടിക്ക് വിളിക്കുമോ? എനിക്കെതിരെ കേസ് എടുക്കില്ലേ? ആ ദിവസവും ചാനലിൽ പരിപാടി ചെയ്തു. അങ്ങനത്തെ ഒരു മാനസികാവസ്ഥയിൽ കോമഡി ചെയ്യാനാകുമോ- ബിനു അടിമാലി ചോദിക്കുന്നു.
ജീവിതത്തിൽ പണ്ടു മുതലേ കൂടെയുള്ള കൂട്ടുകാരോടൊപ്പമാണ് ഇന്നും ഞാൻ മിമിക്രി ചെയ്യുന്നത്. കൂടുതൽ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു എന്ന് കരുതി എന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. എനിക്കെതിരെ രംഗത്തുവന്നിട്ടുള്ള വ്യക്തി പല ചാനലിലും പലതാണ് പറയുന്നത്.
ഇയാൾ എന്റെ പേജ് നിരവധി തവണ ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നോട് ചോദിക്കാതെ എന്റെ പാസ്‌വേഡ് മാറ്റുകയൊക്കെ ചെയ്തു. പലപ്പോഴായി ഈ വ്യക്തി പണം കടം വാങ്ങിയതിന്റെ തെളിവ് എന്റെ ഫോണിലുണ്ട്. അത് തിരിച്ചു തന്നിട്ടില്ല, തന്നെങ്കിൽ അതിന്റെ തെളിവും ഫോണിൽ ഉണ്ടായേനെ. പെട്ടെന്ന് വിളിച്ച് പണം വേണമെന്ന് പറയുമ്പോൾ അതൊക്കെ അയച്ചു കൊടുക്കാറുണ്ട്.
ഇയാളുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് എന്നെ വിളിച്ചിരുന്നു. മർദനം ഏറ്റെന്ന് പറയുന്ന വ്യക്തിയുടെ മെഡിക്കൽ റിപ്പോർട്ടിൽ ഒരു കുഴപ്പവും പൊലീസ് കണ്ടില്ല. പൊട്ടിച്ചുവെന്ന് പറയുന്ന കാമറക്കും ഒരു കുഴപ്പവുമില്ല. അയാൾ കാമറ ഉപയോഗിച്ച് ജോലി ചെയ്യുന്നുമുണ്ട്. പിന്നെ കാമറ ഞാൻ തല്ലിപ്പൊളിച്ചുവെന്ന് എങ്ങനെ പറയും? ഇതുപോലൊരു കാമറക്ക് മുന്നിൽ അതിനെ തൊട്ട് വണങ്ങിയിട്ടാണ് ഞാൻ പരിപാടി ചെയ്യുന്നത്. എന്റെ അന്നമാണത്. അങ്ങനെയുള്ള ഞാൻ കാമറ തല്ലിപ്പൊളിക്കണമെങ്കിൽ വല്ല സൈക്കോയും ആയിരിക്കണം. ഈ വ്യക്തി പ്രശസ്തനാകാൻ വേണ്ടി പറയുന്നതാണ്.
അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം വിശ്രമം വേണ്ടിയിരുന്നു. ഡോക്ടർ നിർദേശിച്ചതനുസരിച്ചാണ് വാക്കറിൽ നടന്നത്. എന്റെ കാലിന് ലിഗ്മെന്റ് പ്രശ്‌നം നേരത്തെയുണ്ട്. മരിച്ചു പോയ സുധിയുടെ വീട്ടിൽ പോയി ഞാൻ പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. പുള്ളി പറയുന്നതൊക്കെ കേട്ട് ഞാൻ ഞെട്ടിപ്പോയി. എനിക്ക് തന്നെ വിഷമം തോന്നി' - ബിനു അടിമാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.