മുംബൈ: ഹിന്ദുദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് ഷോയായ താണ്ഡവിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയരുന്നതിനിടെ, നടൻ സെയ്ഫ് അലി ഖാനും അണിയറ പ്രവർത്തകർക്കും എതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. രാം കദം ആണ് താണ്ഡവിൽ അഭിനയിക്കുന്നതിനെ ചൊല്ലി സെയ്ഫ് അലി ഖാനെതിരെ രംഗത്തെത്തിയത്.
എന്തുകൊണ്ടാണ് ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും മാത്രം സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും അപമാനിക്കുന്നു. അതിന്‍റെ അവസാന ഉദാഹരണമാണ് താണ്ഡവ്. ഹിന്ദു വികാരം വ്രണപ്പെടുന്ന ഒരു സീരീസുമായി സെയ്ഫ് അലി ഖാൻ വീണ്ടും ബന്ധെപ്പട്ടിരിക്കുന്നു. ശിവനെ കളിയാക്കികൊണ്ടുള്ള ഭാഗം സംവിധായകൻ അലി അബ്ബാസ് സഫർ സീരിസിൽനിന്ന് നീക്കം ചെയ്യണം. നടൻ സേഷൻ അയൂബ് മാപ്പ് പറയണം. എന്നാൽ ഇതുവരെ ആവശ്യമായ മാറ്റങ്ങൾ അവർ വരുത്തിയിട്ടില്ല. അതിനാൽ ബി.ജെ.പി താണ്ഡവ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു -ബി.ജെ.പി നേതാവ് പറഞ്ഞു.
പരാതിയുമായി മുംബൈ പൊലീസിനെ സമീപിക്കുമെന്നും രാം കദം കൂട്ടിച്ചേർത്തു. ബോളിവുഡിനെ മുഴുവൻ ഭീഷണിപ്പെടുത്തുന്ന വിഡിയോയും ബി.ജെ.പി നേതാവ് പുറത്തുവിട്ടു.
'ബോളിവുഡ് സിനിമകളിൽ എന്തുകൊണ്ടാണ് ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നത്. ഇത് ദീർഘകാലമായി തുടരുകയും ചെയ്യുന്നു. ഇപ്പോൾ താണ്ഡവ് വെബ്സീരിൽ ശിവന്‍റെ വേഷം ധരിച്ച് ത്രിശൂലവും ഡമരുവുമായി നിൽക്കുന്നു. ഇത് അനുവദിക്കാൻ കഴിയില്ല. ബോളിവുഡ് ഇത് ശ്രദ്ധിച്ച് കേൾക്കണം. ഞങ്ങളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും ഇതുപോലെ ആരെങ്കിലും മുറിവേൽപ്പിക്കാൻ ശ്രമിച്ചാൽ ജനമധ്യത്തിൽവെച്ച് ചെരിപ്പൂരി അടിക്കും. ഈ സീരീസ് ഉടൻ ബഹിഷ്കരിക്കണം. സംവിധായകനും നിർമാതാവും നിർബന്ധമായും മുട്ടുകുത്തിനിന്ന് കൈകൾ മടക്കിവെച്ച് മാപ്പു ചോദിക്കണം' -ബി.ജെ.പി നേതാവിന്‍റെ വിഡിയോയിൽ പറയുന്നു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് താണ്ഡവിനെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം രൂക്ഷമായിരുന്നു. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വിജയകരമായി മുന്നേറുേമ്പാഴാണ് വിവാദം.
നടനായ മുഹമ്മദ് സീഷൻ അയ്യൂബ് സ്റ്റേജ് പെർഫോമറായി എത്തിയ സീനിൽ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും 'ആസാദി.. എന്താ....?' എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു. സംഘ്പരിവാർ െപ്രാഫൈലുകളിലായിരുന്നു പ്രതിഷേധം ശക്തം.
വെള്ളിയാഴ്ചയാണ് ആമസോൺ പ്രൈമിൽ താണ്ഡവ് റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്. വിദ്യാർഥി നേതാവിന്‍റെ വേഷമാണ് അയ്യൂബ് കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.