സെൻസർ ബോർഡ് അംഗത്തിന്‍റെ അധിക്ഷേപം: ആര്യാടൻ ഷൗക്കത്ത് നിയമനടപടിയിലേക്ക്

മലപ്പുറം: വർത്തമാനം സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിനെതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ് അംഗത്തിന്‍റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ബോർഡായി സെൻസർ ബോർഡ് മാറിയെന്ന് ആര്യാടൻ ഷൗക്കത്ത് വിമര്‍ശിച്ചു. സിനിമാ പ്രവർത്തകർ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യമാണിത്. സാംസ്കാരിക അടിയന്തരാവസ്ഥ രൂപപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർത്തമാനം സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമാണ് ആര്യാടൻ ഷൗക്കത്ത്. സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ പറഞ്ഞത്- "ഇന്ന് ഞാൻ സെൻസർ ബോര്‍ഡ് അംഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദലിത് ,മുസ്‍ലിം പീഡനമായിരുന്നു വിഷയം. ഞാൻ അതിനെ എതിർത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം".

ഡൽഹി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർവതി തിരുവോത്താണ് ചിത്രത്തിലെ നായിക.  

Tags:    
News Summary - Censor board member abuses:Aryadan Shoukath to face legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.