ജെ.എന്‍.യു സമരം, കശ്മീര്‍ പരാമർശം; പാര്‍വതി നായികയായ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

പാര്‍വതി തിരുവോത്ത്​ നായികയായ 'വര്‍ത്തമാനം' എന്ന സിനിമക്ക്​ റീജനൽ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ജെ.എന്‍.യു സമരം, കശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് സൂചന. കൂടുതല്‍ പരിശോധനക്കായി സിനിമ മുംബൈയിലെ സി.ബി.എഫ്‌.സി റിവൈസിങ്​ കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാനാവില്ല.

സിദ്ധാർഥ്​ ശിവ സംവിധാനം ചെയ്യുന്ന സിനിമയിൽ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ഥിയായാണ് പാര്‍വതി അഭിനയിക്കുന്നത്​. ആര്യാടന്‍ ഷൗക്കത്താണ് സിനിമയുടെ തിരക്കഥ.

ചിത്രത്തിന്‍റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാർദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതെന്ന് സി.ബി.എഫ്.സി അംഗങ്ങളെ ഉദ്ധരിച്ച് ദേശീയ ചാനലുകൾ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും 'വര്‍ത്തമാന'ത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്​.

Tags:    
News Summary - Censor board rejected screening of malayalam movie Varthamanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.