പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാളചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ. ടോളിവുഡ് ആക്ഷൻ ഹീറോ ചിരഞ്ജിവിയാണ് മോഹൻലാലിൻറെ മാസ് കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
സ്റ്റീഫൻ നെടുമ്പള്ളിയുടെ ഇൻട്രോ സീനാണ് ടീസറിൽ പുറത്തുവിട്ടിരിക്കുന്നത്. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ സീനായിരുന്നു ഇത്. മലയാളം ലൂസിഫറിൽ നിന്ന് നിരവധി മാറ്റത്തോടെയാണ് തെലുങ്ക് പതിപ്പ് എത്തുന്നതെന്ന് സംവിധായകൻ മോഹൻരാജ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രം തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാരയാണ്. കൂടാതെ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെ സൽമാൻ ഖാൻ അവതരിപ്പിക്കും. മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലറായി എത്തിയ ചിത്രം തെലുങ്കിൽ എത്തുമ്പോൾ റൊമാന്റിക് ട്രാക്കിലൂടെയാവും സഞ്ചരിക്കുകയെന്നാണ് വിവരം.
ലൂസിഫറിന്റെ തെലുങ്ക് പതിപ്പിനെതിരെ ട്രോൾ മഴയിറക്കിയാണ് മലയാളി പ്രേക്ഷകരുടെ പ്രതികരണം. മോഹൻലാൽ സിമ്പിളായി ചെയ്ത് കൈയടി വാങ്ങിയത് തെലുങ്കിൽ ചിരഞ്ജീവിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. നമ്മുടെ സ്റ്റീഫൻ ഇങ്ങനെയല്ലെന്നാണും മലയാളികൾ പറയുന്നുണ്ട്. മലയാളി പ്രേക്ഷകർക്ക് ചിരഞ്ജീവിയിയുടെ സ്റ്റീഫൻ നെടുമ്പള്ളിയെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെങ്കിലും ടോളിവുഡ് സിനിമ ലോകവും പ്രേക്ഷകരും ടീസർ ആഘോഷമാക്കിയിട്ടുണ്ട്.
ചിരഞ്ജീവിക്കും നയൻതാരക്കുമൊപ്പം പൂരി ജഗനാഥ്, നാസർ, സച്ചിൻ ഖണ്ഡേക്കർ, ഹരീഷ് ഉത്തമൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ തെലുങ്ക് പതിപ്പിൽ അവതരിപ്പിക്കുന്നുണ്ട്. മോഹൻ രാജ (ജയം രാജ) സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് എസ് തമൻ ആണ്. ഛായാഗ്രാഹണം നീരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാസൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.