കോളിവുഡ് സൂപ്പർതാരം ചിയാൻ വിക്രത്തിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഷങ്കറിന്‍റെ സംവിധാനത്തിലെത്തിയ അന്ന്യൻ. ഇരുവരുടെയും കരിയറിലെ തന്നെ ബെഞ്ച്മാർക്ക് സിനിമയാണ് അന്ന്യൻ. സൈക്കോളജിക്കൽ ത്രില്ലർ ജോൺറെയിലെത്തിയ ചിത്രം സെൻസേഷൽ ഹിറ്റായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന ആവശ്യം ആരാധകർ നിരന്തരം ഉന്നയിക്കാറുണ്ട്. അത്തരത്തിൽ അപ്ഡേഷൻസൊന്നും ഇതുവരെ അണിയറപ്രവർത്തകരിൽ നിന്നുമുണ്ടായിട്ടില്ല.
എന്നാൽ വിക്രത്തിന് ഇതിന്‍റെ രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ട്. സിനിമയുടെ ആദ്യ പതിപ്പിന്‍റെ ഹിന്ദി റിമേക്ക് രൺവീർ സിങ്ങിനെ നായകനാക്കി ശങ്കർ പ്രഖ്യാപിച്ചിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കവെയാണ് രണ്ടാം ഭാഗം ചെയ്താൽ കൊള്ളാമെന്നുണ്ടെന്ന് വിക്രം പറഞ്ഞത്. പുതിയ ചിത്രം തങ്കലാന്‍റെ ഹിന്ദി റിലീസ് സംബന്ധിച്ച് ഡി.എൻ.എക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തമാശരൂപേണ പറഞ്ഞത്.
'നിങ്ങൾ ഇക്കാര്യം ഷങ്കറിനോട് ചോദിക്കു. എനിക്ക് തോന്നുന്നത് അദ്ദേഹം എന്നെ വെച്ച് അന്ന്യന്‍റെ രണ്ടാം ഭാഗം ചെയ്യണമെന്നാണ്. ഞാൻ കുറച്ച് അമ്പീഷ്യസ് ആയതാണ് ഇവിടെ. ശരിക്കും പറയുകയാണെങ്കിൽ എനിക്ക് തോന്നുന്നത് രൺവീറിന് അന്ന്യൻ നന്നായി ചെയ്യാൻ സാധിക്കും. അദ്ദേഹത്തിന്‍റെ വെർഷൻ കാണുവാൻ എനിക്ക് ആഗ്രഹമുണ്ട് കാരണം ഒരു താരമെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. കഥയെ വെച്ച് രൺവീർ എങ്ങനെ ചെയ്യുമെന്ന് അറിയാൻ എനിക്ക് താത്പര്യമുണ്ട്,' വിക്രം പറഞ്ഞു.
അതേസമയം അന്ന്യന്റെ ഹിന്ദി റീമേക്കിൽ നിന്ന് പിന്മാറുകയാണെന്ന് നേരത്തെ ഷങ്കർ വ്യക്തമാക്കിയിരുന്നു. അന്ന്യൻ സിനിമയുടെ നിർമാതാവ് ആയ ഓസ്‌കാർ രവിചന്ദ്രൻ എതിർപ്പുമായി എത്തിയതോടെയാണ് ചിത്രം ഷങ്കറിന് ഉപേക്ഷിക്കേണ്ടി വന്നത്. രൺവീറിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം നിർമ്മിക്കാനിരുന്നത് ജയന്തിലാൽ ഗദയായിരുന്നു. എന്നാൽ അന്ന്യന്റെ പകർപ്പവകാശം തനിക്കാണെന്നായിരുന്നു ഓസ്‌കാർ രവിചന്ദ്രൻ പറഞ്ഞത്. നേരത്തെ അന്ന്യൻ റിലീസ് ചെയ്ത സമയത്ത് അപരിചിത് എന്ന പേരിൽ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.