കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി. ശ്രീനിവാസ് -76) നിര്യാതനായി. വാർധക്യ സഹജ അസുഖ ചികിത്സക്കിടെ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ തിങ്കളാഴ്ച രവിലെ 11.45 ഓടെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.
മോഹിനിയാട്ടം സിനിമയില്‍ ഛായാഗ്രഹണത്തിന് ദേശീയ പുരസ്‌കാരം നേടിയ നിവാസിന് കേരള ഫിലിം അസോസിയേഷൻ പുരസ്ക്കാരവും 1979ൽ ആന്ധ്ര സർക്കാറിന്റെ നന്ദി പുരസ്ക്കാരവും ലഭിച്ചു. ലിസ, ശംഖുപുഷ്പം, തമിഴ് സിനിമകളായ പതിനാറു വായതിനിലെ, സാഗര സംഗമം, കിഴക്കേ പോകും റെയില്‍, ഇളമൈ ഊഞ്ചല്‍ ആട്കിറത്, സിഗപ്പ്‌റോജാക്കള്‍ തുടങ്ങി ദേശീയ -അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. കല്ലുക്കുൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം രാജ രാജാതാൻ, സെവന്തി എന്നീ ചിത്രങ്ങൾ നിർമിച്ചു.
കിഴക്കേ നടക്കാവ് കൊട്ടാരം ക്രോസ് റോഡിലെ പനയംപറമ്പിൽ വീട്ടിലാണ് ജനനം. പി.എന്‍. മേനോന്റെ കുട്ടിയേടത്തി (1971) സിനിമയില്‍ ഓപ്പറേറ്റീവ് ക്യാമറമാനായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അശോക് കുമാറിന്റെ കീഴില്‍ മാപ്പുസാക്ഷി (1972), ചെമ്പരത്തി (1972), ബാബു നന്തന്‍കോടിന്റെ സ്വപ്‌നം (1973) എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
സ്വതന്ത്ര ഛായാഗ്രാഹകനെന്ന നിലയിലുള്ള ആദ്യ ചിത്രം ബാബു നന്തന്‍കോട് സംവിധാനം ചെയ്ത സത്യത്തിന്റെ നിഴലില്‍ ആണ്. പി. ഭാരതിരാജയുടെ 16 വയതിനിലേ (1977) എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ പ്രവേശിച്ചത്. കിഴക്കേ പോകും റെയില്‍ (1978), ചുവപ്പു റോജാപ്പൂക്കള്‍ (1978), സോള്‍വാ സവാന്‍ (1978), പുതിയ വര്‍പൂകള്‍ (1979), സി.വി. ശ്രീധറിന്റെ ഇളമൈ ഊഞ്ചലാടുകിറത്, വയസു പിലിചിണ്ടി (1978) എന്നീ ചിത്രങ്ങളിലും, കെ. വിശ്വനാഥിനൊപ്പം സാഗര സംഗമത്തിലും (1983) പ്രവര്‍ത്തിച്ചു. 1976 ല്‍ നിമഞജനം എന്ന തെലുങ്ക് ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നേടി.
വിവിധ സംഘടനകളുടെ ഉൾപ്പെടെ ഒട്ടനവധി അംഗീകാരവും ലഭിച്ചിട്ടുണ്ട്. നാലുവർഷത്തോളമായി പുതുപ്പാടി ഈങ്ങാപ്പുഴക്കുസമീപം എടുത്തുവെച്ച കല്ലിലാണ് താമസം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.