തിരുവനന്തപുരം: ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോക സിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന് ബേല താറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. കാമറയെ സമരായുധമാക്കിയ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാൻ ഏര്‍പ്പെടുത്തിയ 'സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്' ഇറാനിയന്‍ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. മന്ത്രി വി.എൻ. വാസവനാണ് പുരസ്കാരങ്ങൾ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ബേല താറിന്റെ ആറു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിക്കുക. ബേല താറിനെക്കുറിച്ച് സി.എസ്. വെങ്കിടേശ്വരന് എഴുതിയ 'കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍'എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പതിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യും. ദാര്‍ദന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ഉം മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ഉം ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴും സിനിമ പ്രദര്‍ശിപ്പിക്കും. ചിലി-ഫ്രഞ്ച് സംവിധായകന് അലഹാന്ദ്രോ ജൊഡോറോവ്സ്കി, സെര്‍ബിയന്‍ സംവിധായകന് എമിര്‍ കുസ്തുറിക്ക, ജര്‍മന്‍ സംവിധായകന് എഫ്.ഡബ്ല്യു മുര്‍നോ എന്നിവരുടെ വിഖ്യാത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാകും. അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.