നടനായ ഉണ്ണി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് നടൻ സന്തോഷ് കീഴാറ്റൂർ നൽകിയ കമന്‍റും അതിനുള്ള ഉണ്ണിയുടെ മറുപടിയും തുടങ്ങി വെച്ച തർക്കം സമൂഹ മാധ്യമങ്ങളിൽ ഇനിയും അവസാനിച്ചിട്ടില്ല. വിവാദമായതോടെ തന്‍റെ മറുപടി സന്തോഷ് കീഴാറ്റൂർ പിൻവലിക്കുകയും ചെയ്തു. എന്നിട്ടും അതിന്‍റെ സ്ക്രീൻ ഷോട്ടുകൾ എടുത്ത് പ്രചരിപ്പിക്കുന്നവർ മതസ്പർധ വളർത്തുകയാണെന്നും നാട് വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വിദ്വേഷപ്രചാരണം നടത്തുന്നത് ശരിയല്ലെന്നും സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റും അതിന് സന്തോഷ് നൽകിയ മറുപടിയുമാണ് ഇതിനെല്ലാം തുടക്കമിട്ടത്. 'ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ?' എന്നായിരുന്നു സന്തോഷിന്‍റെ കമന്‍റ്. ഇതിൽ സന്തോഷിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. തൊട്ടുപിന്നാലെ മറുപടിയുമായി ഉണ്ണി മുകന്ദനും എത്തി. 'ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാർഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്‍റ് ഇട്ട് സ്വന്തം വില കളയാതെ' എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
അതോടെ, സന്തോഷ് കമന്‍റ് നീക്കം ചെയ്തു. 'ജയ്' എന്നാണ് പകരം കുറിച്ചത്. പക്ഷേ, ആദ്യ കമന്‍റും ഉണ്ണിയുടെ മറുപടിയും സ്ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോര് തുടരുന്നത്. ഉണ്ണിയോടുള്ള സ്വതന്ത്ര്യം കൊണ്ടാണ് താൻ അത്തരമൊരു കമന്‍റ് ഇട്ടതെന്ന് സന്തോഷ് വിശദീകരിച്ചു. ഇത് രണ്ടു സഹപ്രവർത്തകർ തമ്മിൽ ഷെയർ ചെയ്ത കാര്യമാണ്. അതിൽ രണ്ടാൾക്കും വിഷമമില്ല. തന്‍റെ കമന്‍റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് അത് ഡിലീറ്റ് ചെയ്തത്. അല്ലാെത പേടിച്ച് ഓടിപ്പോയതല്ല. അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്തു പ്രചരിപ്പിക്കുന്നവരോട് സഹതാപമേ ഉള്ളൂയെന്നും സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.