'ജാ സിമ്രാൻ ജാ..ജീ ലേ അപ്നീ സിന്ദഗി...' എന്ന് മുഴക്കമുള്ള ശബ്ദത്തിൽ സിമ്രാെൻറ പിതാവ് ബൽദേവ് സിങ് പറയുേമ്പാഴുള്ള അതിരില്ലാത്ത സന്തോഷമായിരുന്നു ആ കാഴ്ചകളുടെ കാതൽ. അനുമതികളിലൂടെ മാത്രം പ്രണയമോഹങ്ങളേറെയും സഫലീകൃതമായിരുന്ന കാലത്ത് പുതിയ ആവേശവും പ്രതീക്ഷയും നൽകിയ അനുവാദമായിരുന്നു അത്. നൂറുകണക്കിന് കമിതാക്കൾക്ക് പ്രചോദനം പകർന്നാണ് വെള്ളിത്തിരയിലെ ആ 189 മിനിറ്റുകൾക്കൊടുവിൽ രാജ് മൽഹോത്രയും സിമ്രാൻ സിങ്ങും ഒന്നിച്ചത്.
കൊട്ടകകളെ വിസ്മയിപ്പിച്ചും ആഹ്ലാദം നിറച്ചും ഇന്ത്യൻ സിനിമയിൽ ഒഴുകിപ്പടർന്ന ആ പ്രണയ കാവ്യം, 'ദിൽവാനേ ദുൽഹനിയാ ലേ ജായേംഗേ'ക്ക് ഇന്ന് 25 വയസ്സ്. ഒരർഥത്തിൽ ഇന്ത്യൻ സിനിമാ ലോകത്ത് ഗതിമാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച സിനിമയായിരുന്നു അത്. ഡി.ഡി.എൽ.ജെ എന്ന നാലക്ഷരത്തിൽ ബോളിവുഡിൽ റെക്കോഡ് വിജയത്തിെൻറ വെന്നിക്കൊടി നാട്ടിയ മെഗാഹിറ്റ്. യാഷ്രാജ് ഫിലിംസിെൻറ ബാനറിൽ യാഷ് ചോപ്രയുടെ മകൻ ആദിത്യ ചോപ്ര ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയത്.
പഴകിപ്പതിഞ്ഞ പതിവു പ്രണയരീതികൾക്കു പകരം വേറിട്ട കാഴ്ചകളും അനുഭവങ്ങളുമൊക്കെ പ്രേക്ഷകർക്ക് പകർന്നുനൽകി വികസിക്കുകയായിരുന്നു ഡി.ഡി.എൽ.ജെ. ഒഴുക്കുള്ള പ്രണയകഥ ഇന്ത്യൻ സംസ്കാരത്തോടുള്ള പ്രതിബദ്ധതയുടെയും രാജ്യസ്നേഹത്തിെൻറയുമൊക്കെ മേെമ്പാടി ചേർത്താണ് 1995 ഒക്ടോബർ 20ന് തിയറ്ററുകളിലെത്തിയത്. പാശ്ചാത്യ ജീവിതവും ഇന്ത്യൻ സംസ്കാരത്തിെൻറ 'കുലീന'മായ ജീവിത പരിസരങ്ങളും സമന്വയിപ്പിച്ച സിനിമ അന്നത്തെ യുവത്വത്തിന് ആഘോഷിക്കാനുള്ള വക വേണ്ടുവോളം നൽകിയാണ് തിയറ്ററുകളിൽ അലകടൽ തീർത്തത്. കണ്ടവർ വീണ്ടും വീണ്ടും ഡി.ഡി.എൽ.ജെയുടെ വെള്ളിത്തിര തേടിയെത്തി. മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർ രാജും സിമ്രാനുമായി സ്വപ്നങ്ങൾക്കൊപ്പം വേഷപ്പകർച്ചകളിലാണ്ടു. വർഷങ്ങളേറെ തിയറ്റുകളിൽ ഒരാഘോഷമായി 'ദിൽവാലെ ദുൽഹനിയ...'നിലകൊണ്ടു. മുംബൈയിലെ മറാത്ത മന്ദിറിൽ 25 വർഷം തുടർച്ചയായി ഈ സിനിമ പ്രദർശിപ്പിച്ചു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവുമേറെക്കാലം പ്രദർശിപ്പിച്ച സിനിമയെന്ന ഖ്യാതി കൂടിയാണ് ഡി.ഡി.എൽ.ജെ നേടിയെടുത്തത്.
'ഇന്ത്യൻ സംസ്കാരത്തിെൻറ അടിവേരുകൾ തേടുന്നതാണ് ഈ സിനിമ. മുതിർന്നവരെ ബഹുമാനിക്കണമെന്ന സന്ദേശമാണ് ഡി.ഡി.എൽ.ജെ മുന്നോട്ടുവെക്കുന്നത്. സ്നേഹിക്കുന്ന വ്യക്തിയുമായി ഒളിച്ചോടുകയല്ല, വേണ്ടത്, പകരം മാതാപിതാക്കളുടെ സമ്മതവും അനുഗ്രഹവും നേടുകയാണ് വേണ്ടത്. നിെൻറ പിതാവ് സ്നേഹത്തോടെ നിെൻറ കരം എന്നിലേൽപിച്ചാൽ മാത്രമേ ഞാൻ നിന്നെ വിവാഹം കഴിക്കൂ എന്നതുപോലെയുള്ള നിലപാടാണത്' -ഒരു അഭിമുഖത്തിൽ ഡി.ഡി.എൽ.ജെയെക്കുറിച്ച് യാഷ് ചോപ്ര പറഞ്ഞു. രണ്ടു എൻ.ആർ.ഐ ഫാമിലികളുമായി കണക്ടു ചെയ്ത് കഥ പുരോഗമിച്ച സിനിമ, ബോളിവുഡിെൻറ വ്യാപാര താൽപര്യങ്ങൾക്ക് സാർവദേശീയ മാനം നൽകുകയായിരുന്നു. ഡി.ഡി.എൽ.ജെയുടെ അഭൂതപൂർവമായ വിജയം എൻ.ആ.ഐ ഓഡിയൻസിനെ ഉന്നമിടാൻ പിന്നീട് പല സിനിമ നിർമാതാക്കളെയും പ്രേരിപ്പിച്ചു.
ജതിൻ ലളിതിെൻറ സംഗീത സംവിധാനത്തിൽ ഏഴു മനോഹര ഗാനങ്ങളാണ് ഈ സിനിമയുടെ അലങ്കാരം. ഇന്ത്യയിലും ലണ്ടനിലും സ്വിറ്റ്സർലൻഡിലുമായി ചിത്രീകരിച്ച സിനിമയിലെ പ്രകൃതി മനോഹര ദൃശ്യങ്ങളും ആനന്ദ് ബക്ഷിയുടെ ഗാനരചനയും ജതിൻ ലളിതിെൻറ സംഗീതവും ഇഴപിരിക്കാനാവാത്തവിധം ലയിച്ചുനിന്നപ്പോൾ ഏഴുഗാനങ്ങളും സിനിമയുടെ വിജയത്തിൽ വഹിച്ച പങ്ക് അളവില്ലാത്തതായിരുന്നു. ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, കുമാർ സാനു, ഉദിത് നാരായൺ, അഭിജീത് ഭട്ടാചാര്യ തുടങ്ങിയ അനുഹൃത ഗായകരുടെ സ്വരമാധുരിയും ചേർന്നപ്പോൾ ഹിന്ദി സിനിമാ ചരിത്രത്തിലെതന്നെ ജനപ്രിയഗാനങ്ങളായി അവ മാറി.
എച്ച്.എം.വിയുടെ 1.2 കോടി ഒഫീഷ്യൽ കാസറ്റുകളാണ് അന്ന് വിറ്റുപോയത്. അതിെൻറ ഇരട്ടിയിലേറെ വ്യാജ കാസറ്റുകളും വിറ്റിട്ടുണ്ടാകുമെന്നാണ് കണക്ക്. 'തുഛേ ദേഖാ തേ യേ ജാനാ സനം', 'ഹോ ഗയാ ഹെ തുജ്കോ', 'രുക് ജാ ഓ ദിൽ ദീവാനേ', 'മെഹ്ന്ദി ലഗാ കെ രഖ്നാ', 'സരാ സാ ഝൂമ്ലൂ മേ', 'ഘർ ആജാ പർദേസീ', 'മേരേ ഖ്വാബോം മേം'....ഏഴു ഗാനങ്ങളും തലമുറകളേറ്റു പാടിക്കൊണ്ടിരിക്കുകയാണിപ്പോഴും.
രാജിനെ അവതരിപ്പിച്ച ഷാറൂഖ് ഖാെൻറയും സിമ്രാനെ അവതരിപ്പിച്ച കാജോളിെൻറയും അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളാണ് ഡി.ഡി.എൽ.ജെയിലേത്. ഷാറൂഖിെൻറ റോളിലേക്ക് സംവിധായകൻ ആദിത്യ ചോപ്ര ആദ്യം ആഗ്രഹിച്ചിരുന്നത് ബോളിവുഡ് താരം ടോം ക്രൂസിനെയായിരുന്നുവത്രെ. ഇന്ത്യൻ പെൺകുട്ടിയും അമേരിക്കക്കാരനും തമ്മിലുള്ള പ്രണയകഥയായിരുന്നു ആദ്യം ആദിത്യയുടെ മനസ്സിൽ. എന്നാൽ, വിദേശ താരം വേണ്ടെന്ന പിതാവ് യാഷ് ചോപ്രയുടെ ഉപദേശം സ്വീകരിക്കുകയായിരുന്നു. എൻ.ആർ.ഐ പശ്ചാത്തലത്തിലേക്ക് കഥ മാറ്റാനായിരുന്നു പിന്നീട് ഇരുവരുടെയും തീരുമാനം.
തുടർന്ന് നായക വേഷത്തിലേക്ക് ഷാറൂഖിനെ സമീപിച്ചു. എന്നാൽ, കഥാപാത്രത്തിെൻറ റൊമാൻറിക് നേച്ചർ ഷാറൂഖിന് ഇഷ്ടപ്പെട്ടില്ല. വില്ലത്തരം നിറഞ്ഞ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പിന്നീട് സെയ്ഫ് അലി ഖാനെ സമീച്ചെങ്കിലും സെയ്ഫ് ആ വാഗ്ദാനം നിരസിച്ചു. ശേഷം ആമിർ ഖാനെ സമീപിച്ചപ്പോഴും അതുതന്നെയായിരുന്നു അനുഭവം. അതോടെ, ഷാറൂഖിനെ നിർബന്ധിക്കാൻ തന്നെയായി ആദിത്യയുടെ തീരുമാനം. നാലു തവണ ഇരുവരും കൂടിയിരുന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് രാജിെൻറ കുപ്പായമിടാൻ ഷാറൂഖ് സമ്മതം മൂളിയത്.
സിമ്രാെൻറ വേഷത്തിലേക്ക് നേരത്തേ, കാജോളിനെത്തന്നെയാണ് കണ്ടുവെച്ചിരുന്നത്. ആദിത്യയുടെ അടുത്ത സുഹൃത്തായതിനാൽ കാജോൾ റോൾ ചെയ്യാൻ മടിയൊന്നും കൂടാതെ സമ്മതിക്കുകയും ചെയ്തു. ബാസിഗറിലും കരൺ അർജുനിലുമൊക്കെ ഒന്നിച്ചഭിനയിച്ച ഷാറൂഖും കാജോളും തങ്ങളുടെ കഥാപാത്രങ്ങളെ അത്രമേൽ തന്മയത്വത്തോടെ അവതരിപ്പിച്ചതാണ് ദിൽവാലേ ദുൽഹനിയ ലേ ജായേംഗെയെ അത്യാകർഷകമാക്കിയത്. പ്രണയനായകനായും ബോളിവുഡിെൻറ ബാദ്ഷാ ആയുമൊക്കെ ഷാറൂഖിെൻറ കരിയർ ഗതിവേഗം പ്രാപിക്കുന്നത് ഡി.ഡി.എൽ.ജെയുടെ വിസ്മയ വിജയത്തോടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.