ബോളിവുഡ് സിനിമാ ലോകം ആകാക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അജയ് ദേവ്ഗണ്ണിന്റെ ദൃശ്യം 2. നവംബർ 18 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ആദ്യദിനം ലഭിച്ചത്. ത്രില്ലർ ചിത്രമായ ദൃശ്യം 2ന് പ്രേക്ഷകരിൽ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞില്ലെന്നും മലയാളത്തിന്റെ കാർബൺ കോപ്പിയാണെന്നും ഒരു വിഭാഗം പ്രേക്ഷകർ ഉന്നയിച്ചിരുന്നു. എന്നാൽ ചിത്രം പ്രതീക്ഷ നിലനിർത്തി എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. കൂടാതെ അജയ് ദേവ്ഗൺ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അടുത്തിടെ പുറത്തിറങ്ങിയ നടന്റെ ഏറ്റവും മികച്ച ചിത്രമാണെന്നും ഇവർ പറയുന്നു.
വിമർശനം ചിത്രത്തിനെതിരെ ഉയർന്നെങ്കിലും ആദ്യദിനം മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. 14.50- 15 കോടി രൂപയാണ് ലഭിച്ചത്. ബോളിവുഡിലെ മികച്ച ഒപ്പണിങ്ങാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2 എന്നിവയാണ് ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ.
ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‍ക്രീനുകളിലായിട്ടാണ് ദൃശ്യം2 ന്റെ ഹിന്ദി പതിപ്പ് പ്രദർശനത്തിനെത്തിയത്. അഭിഷേക് പതക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ് ഗണിനൊടൊപ്പം ശ്രിയ ശരൺ, തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കുമാർ, അക്ഷയ് ഖന്ന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. പല തിയറ്ററുകളിലും ചിത്രത്തിന്റെ ഷോ വർധിപ്പിച്ചിട്ടുണ്ട്. ഈ വാരാന്ത്യത്തോടെ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.