കൊച്ചി: മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 2' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിെൻറ നിർമാതാവ് ആൻറണി പെരുമ്പാവൂരും ഫിലിം ചേംബറും തമ്മിൽ വാക്പോര്. ഒ.ടി.ടിയിൽ റിലീസിനുശേഷം ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബർ നിലപാട്. എന്നാൽ, ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കാൻ ചേംബറിെൻറ അനുമതി ആവശ്യമില്ലെന്നാണ് ആൻറണിയുടെ പ്രതികരണം.
ഈ മാസം 19നാണ് 'ദൃശ്യം 2' ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് ചേംബർ ഭാരവാഹികൾ പറയുന്നു. ഒ.ടി.ടി റിലീസിനുശേഷം തിയറ്ററുകളിൽ പ്രദർശിപ്പിക്കാമെന്ന് ചിത്രത്തിെൻറ അണിയറപ്രവർത്തകർ കരുതുന്നുണ്ടെങ്കിൽ നടക്കില്ലെന്ന് ചേംബർ പ്രസിഡൻറ് വിജയകുമാർ പറഞ്ഞു. തമിഴ് സിനിമയോട് വിജയ് കാണിച്ച പ്രതിബദ്ധത മലയാള സിനിമയോട് മോഹൻലാൽ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, ചിത്രം വേണ്ടെങ്കിൽ അക്കാര്യം പറയേണ്ടത് തിയറ്റർ ഉടമകളാണെന്നും ഫിലിം ചേംബർ അല്ലെന്നും ആൻറണി പെരുമ്പാവൂർ തിരിച്ചടിച്ചു. കരാറില്ലാത്ത സിനിമ ഏത് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിർമാതാവിനുണ്ട്. ഇതിന് ഫിലിം ചേംബറിെൻറ അനുമതി ആവശ്യമില്ല. പ്രത്യേക സാഹചര്യത്തിലാണ് ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. മോഹൻലാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ആൻറണി പറഞ്ഞു.
തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനുശേഷം ഒ.ടി.ടിയിൽ റിലീസ് ചെയ്യുക എന്നതാണ് ചേംബർ തീരുമാനം. ഒ.ടി.ടി റിലീസിനുശേഷം 'ദൃശ്യം 2' തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇതിനെതിരെ ചേംബർ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.