മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകരും സുഹൃത്തുകളുമെല്ലാം. സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ ആശംസാ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. അക്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലുമെല്ലാമുണ്ട്. ഇപ്പോൾ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍റെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കുട്ടിക്കാലം മുതൽ പിതാവുമൊത്തുള്ള തന്‍റെ ബന്ധത്തെ കുറിച്ചുള്ള സ്വകാര്യമായ ഓർമകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. വാപ്പിച്ചിയുടെ സെൽഫി താൻ ആവശ്യപ്പെടുന്ന ഒരേ ഒരു ദിവസം അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് ദുൽഖർ പറയുന്നു. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷാനി പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു കുറിപ്പ്.
ദുല്‍ഖറിന്റെ കുറിപ്പ്
''വാപ്പച്ചിയുടെ സമയം എത്ര വിലപ്പെട്ടതാണെന്ന് ഞാൻ എപ്പോഴും ബോധവാനായിരുന്നു. അദ്ദേഹത്തോടൊപ്പം എനിക്ക് കിട്ടുന്ന നിമിഷങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ഏറെ പ്രധാനപ്പെട്ടതും വാപ്പച്ചിയുടെ ശ്രദ്ധ ആവശ്യമുള്ളതുമായ കാര്യത്തിന് മാത്രമേ ഞാൻ അദ്ദേഹത്തെ വിളിക്കാറുള്ളൂ. നമുക്കൊരു സെൽഫി എടുക്കാമോ എന്ന് ഞാൻ ചോദിക്കാറില്ല, കാരണം വാപ്പച്ചി പോകുന്നിടത്തെല്ലാം കേൾക്കുന്ന നിരന്തര അഭ്യർഥന അത് മാത്രമാണെന്ന് എനിക്കറിയാം. ആ ചിന്ത ശരിക്കും സില്ലിയാണെന്ന് എനിക്കറിയാം, പക്ഷെ ഞാനെപ്പോഴും കടന്നു ചിന്തിക്കുന്ന ഒരാളാണ്. ഉമ്മ എന്നെ എപ്പോഴും ശകാരിക്കുന്നത് ഇതിനു മാത്രമാണ്. നമ്മൾ ഒരുമിച്ചൊരു ചിത്രം വേണമെന്ന് ഞാൻ വാശിപിടിക്കാറുള്ള ഒരേയൊരു ദിവസം വാപ്പച്ചിയുടെ ജന്മദിനമാണ്. അന്ന് ഞാൻ ഒരുപാട് കടന്നു ചിന്തിക്കാറില്ല. ഇന്നും നമ്മൾ ഒരുമിച്ചുള്ള ചിത്രമെടുക്കാൻ ഞാൻ ശ്രമിക്കുന്നതിനിടയിൽ ഷാനി പകർത്തിയ ഒരു നിമിഷമാണിത്. ഈ നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. നമ്മൾ മാത്രം നമ്മളായി നമ്മുടെ വീട്ടിലിരിക്കുന്ന നിമിഷങ്ങൾ. പലപ്പോഴും സിനിമകളുടെ ഷൂട്ടിങ് തിരക്കുകളുമായി നമ്മൾ പല നഗരങ്ങളിലായിരിക്കുമെങ്കിലും നമ്മൾ ഒരുമിച്ച് വീട്ടിലെത്തുമ്പോൾ സമയം നിശ്ചലമായിപ്പോകുന്നതായി എനിക്ക് തോന്നാറുണ്ട്. പിതാവിന് ജോലിയിൽനിന്ന് അവധി കിട്ടുന്ന ദിവസം കാത്തിരുന്നിരുന്ന അതേ കുട്ടിയാണ് ഞാനിപ്പോഴും. വാപ്പച്ചിക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു. വാപ്പച്ചിയാണ് ഞങ്ങളുടെ എല്ലാം."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.