മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തു. നേരത്തെ ചോദ്യം ചെയ്യൽ മാറ്റിവെക്കാൻ ഇവർ അപേക്ഷ നൽകിയിരുന്നുവെങ്കിലും അധികൃതർ നിരസിക്കുയായിരുന്നു.
മുംബൈയിലെ ഏജൻസി ഓഫിസിലെ പ്രത്യേക മുറികളിലായി റിയ, സഹോദരൻ ഷോയിക് ചക്രവർത്തി, മുൻ മാനേജർ ശ്രുതി മോദി എന്നിവരെയാണ് ചോദ്യം ചെയ്തത്. റിയ ചക്രവർത്തിയെ അടുത്ത ആഴ്ച കൂടുതൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാൻ സാധ്യതയുണ്ട്. താൻ നൽകിയ ഹരജിയിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നത്.
'റിയ നിയമം അനുസരിക്കുന്ന പൗരയാണ്. ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന അഭ്യർത്ഥന നിരസിച്ചുവെന്നത് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് മാധ്യമങ്ങളെ അറിയിച്ചതിനാൽ, നിശ്ചിത സമയത്ത് തന്നെ അവർ ഹാജരാവുകയായിരുന്നു'-റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറഞ്ഞു.
സുശാന്തിെൻറ പിതാവ് നൽകിയ പരാതിയിലാണ് പട്ന പൊലീസ് റിയക്കെതിരെ കേസെടുത്തത്. സുശാന്തിെൻറ അക്കൗണ്ടുകളിൽനിന്ന് 15 കോടി രൂപ മാറ്റിയെന്നും മാനസികമായി ഉപദ്രവിച്ചെന്നും പിതാവ് ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമടക്കമാണ് റിയക്കെതിരെ പട്ന പൊലീസ് ചുമത്തിയിട്ടുള്ളത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സുശാന്തിെൻറ സുഹൃത്ത് സിദ്ധാർത്ഥ് പിത്താനിയെയും ചോദ്യം ചെയ്തിരുന്നു. സുശാന്തിെൻറ രണ്ട് അക്കൗണ്ടുകളിൽനിന്നായി റിയക്ക് പണം കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് 15 കോടി രൂപ വരില്ല. കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസും നേരത്തെ റിയയെ ചോദ്യം ചെയ്തിരുന്നു.
പങ്കാളികൾ തമ്മിൽ പണമിടപാടുകൾ സാധാരണമല്ലേ എന്നാണ് റിയയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചോദിക്കുന്നത്. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വിവിധയിടങ്ങളിൽ ഒരുമിച്ച് അവധിക്കാലം ആഘോഷിച്ചു. മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം കമ്പനി ആരംഭിക്കുകയും ചെയ്തതായി ഇവർ പഞ്ഞു.
ജൂൺ 14നാണ് സുശാന്ത് സിങ് രാജ്പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം ബോളിവുഡിലെ പല പ്രമുഖരെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് ബിഹാർ സർക്കാറിെൻറ ആവശ്യപ്രകാരം സി.ബി.െഎക്ക് കൈമാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.