കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ ജീവിതം പറയുന്ന 'എന്നോടൊപ്പം' ഇന്നുമുതൽ റൂട്ട്സ് ഒ.ടി.ടിയിൽ. മുഖ്യധാരയിൽ ട്രാൻസ്ജെൻഡർ സമൂഹം ആവശ്യപ്പെടുന്നത് തുല്യപരിഗണനയാണെന്നും പൊതുസമൂഹത്തിനൊപ്പം സ്വന്തം വീടുകളിലും ട്രാൻസ് വ്യക്തികൾ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നുമാണ് ഈ ഹ്രസ്വചിത്രം ചർച്ച ചെയ്യുന്നത്.
മാതാപിതാക്കൾ സ്നേഹവും വാത്സല്യവും നൽകി ചേർത്തുപിടിച്ച ട്രാൻസ്മാൻ ഇഷാൻ കെ.ഷാനിെൻറയും ട്രാൻസ് വുമൺ മിയ ശിവറാമിെൻറയും ജീവിതമാണ് 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്ത് സംവിധാനം ചെയ്ത 'എന്നോടൊപ്പ'മെന്ന ഡോക്യുമെന്‍ററി പറയുന്നത്. ട്രാൻസ് വ്യക്തിയുടെ വീട്, മാതാപിതാക്കൾ, സമൂഹം, പ്രണയം, വിവാഹം, സന്തോഷം, വേദന തുടങ്ങി നിരവധി വിഷയങ്ങൾ ചിത്രം മുന്നോട്ടുവെക്കുന്നു. എറണാകുളം വൈപ്പിൻ സ്വദേശിനിയായ മിയ ശിവറാമിന്‍റെയും ആദ്യ ട്രാൻസ് ദമ്പതികളായ ഇഷാൻ-സൂര്യ എന്നിവരുടെയും അനുഭവങ്ങൾ പറയുന്ന 'എന്നോടൊപ്പം' തിരുവനന്തപുരത്ത് നടന്ന 2019ലെ അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയിലാണ് (IDSFFK) ആദ്യമായി പ്രദർശിപ്പിച്ചത്.
തുടർന്ന് ബാംഗ്ലൂർ ക്വിയർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, റീൽ ഡിസൈയേഴ്സ് ചെന്നൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, സൈൻസ് ഫിലിം ഫെസ്റ്റിവൽ, ഒ.ബി.എം ലോഹിതദാസ് സ്മാരക ചലച്ചിത്രമേള, ക്യുലോയിഡ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളിലും മറ്റ് വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. എ. ശോഭിലയാണ് നിർമ്മാണം. അജയ് മധു (ഛായാഗ്രഹണം), അമൽജിത്ത് (എഡിറ്റിങ്), ശിവജി കുമാർ (ക്രിയേറ്റീവ് സപ്പോർട്ട്, ഡിസൈൻസ്), ഷൈജു.എം (സൗണ്ട് മിക്സിങ്), അമിയ മീത്തൽ (സബ് ടൈറ്റിൽസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.