തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പത്മരാജന്റെ ഓർമക്ക് മുന്നിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ആദരമൊരുക്കുമ്പോൾ, പത്മരാജന്റെ ഫയൽവാനും മേളയിലെത്തും. പത്മരാജന്റെ 'ഒരിടത്തൊരു ഫയൽവാൻ' എന്ന ചിത്രത്തിൽ ഫയൽവാനായി വേഷമിട്ട തിരുവനന്തപുരം കമലേശ്വരം കമൽ നഗറിലെ അബ്ദുൽ റഷീദാണ് 41 വർഷത്തിനു ശേഷം ചിത്രം തിയറ്ററിൽ കാണാൻ 15ന് കലാഭവനിലെത്തുന്നത്. ഫയൽവാന്റെ കഥാപാത്രത്തിന് ചേരുന്ന വ്യക്തിയെ അന്വേഷിച്ച് കശ്മീർ വരെ പത്മരാജൻ യാത്ര നടത്തിയിരുന്നു. പക്ഷേ, മനസ്സിലെ കഥാപാത്രത്തിന് യോജിച്ച ഒരാളെ കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതിനിടയിലാണ് സുഹൃത്തും സ്റ്റിൽ ഫോട്ടോഗ്രാഫറും നടനുമായ എൻ.എൽ.ബാലകൃഷ്ണനിലൂടെയാണ് കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലി നോക്കുന്ന ഗുസ്തിക്കാരനായ റഷീദിനെക്കുറിച്ചുള്ള വിവരം പത്മരാജന് ലഭിച്ചത്.
''കണ്ണൂരിലെ ഒരു ഗുസ്തി മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് വീട്ടിലെത്തിയ ദിവസമായിരുന്നു അന്ന്. ബാലകൃഷ്ണൻ അടുത്ത സുഹൃത്തായിരുന്നു. ഡേ, നിന്നെ കാണാൻ സംവിധായകൻ പത്മരാജൻ റോഡിൽ നിൽക്കുന്നുവെന്നാണ് എന്നോട് പറഞ്ഞ്. അദ്ദേഹം വീട്ടിലേക്ക് റോഡിൽ തന്നെ നിന്നതിന് ഒരു കാരണം ഉണ്ടായിരുന്നു. ഫയൽവാന്മാർ നടക്കുന്ന രീതിക്ക് ഒരു പ്രത്യേകതയുണ്ട്. അത് തന്റെ നടപ്പിലും ഉണ്ടോയെന്ന് വീക്ഷിക്കാനായിരുന്നു പത്മരാജൻ പുറത്തുതന്നെ നിന്നത്. ആദ്യ കാഴ്ചയിൽ ഇഷ്ടമായി. തുടർന്ന് വേളിയിലേക്ക് കാറിൽ കൊണ്ടുപോയി. നീന്തൽ അറിയാമോ എന്ന് പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ഇതിനായി തെരഞ്ഞെടുത്ത് വേളി കായലാണ്. നീന്തിക്കാണിച്ചതോടെ താടിയും കൃതാവും അവിടെ വെച്ച് വടിപ്പിച്ച് റഷീദ് പത്മരാജന്റെ ഫയൽവാനായി. കുമരകത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആദ്യകാലത്ത് നാടകങ്ങളിൽ അഭിനയിച്ച് പരിചയമുള്ളതുകൊണ്ട് വലിയ പേടിയൊന്നും തോന്നിയില്ല. ഒരിക്കലും വഴക്കുപറയാതെ ഏറെ സൗഹാർദപരമായാണ് ഓരോ സീനും അദ്ദേഹം പറഞ്ഞു മനസ്സിലാക്കിത്തന്നത്''- റഷീദ് ഓർക്കുന്നു. 45ഓളം ചിത്രങ്ങളിൽ അഭിനയിച്ച റഷീദിന്റെ അവസാന ചിത്രം 1995ൽ പുറത്തിറങ്ങിയ ദേവദാസിയാണ്. അവസരങ്ങൾക്കുവേണ്ടി ആരുടെയും പിറകെ പോകരുതെന്ന് നിർബന്ധമുള്ളതിനാൽ പിന്നീട് സിനിമയുടെ പിറകെ ഈ താരം പോയില്ല. 90 കിലോ ഫ്രീ സ്റ്റൈലിൽ എട്ടു തവണ സംസ്ഥാന ചാമ്പ്യനായിരുന്ന റഷീദ് 1997ൽ അസി. ട്രാൻപോർട്ട് ഓഫിസറായാണ് വിരമിച്ചത്. സുലേഖയാണ് ഭാര്യ. ലിസാഫ്, ഷെറിൻ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.