ബോളിവുഡ് നടൻ ജോൺ അബ്രഹാം നിർമിക്കുന്ന 'മൈക്ക്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഫസ്റ്റ് ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു.
വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിന്‍റെ നിർമാണത്തിലൂടെ ജെ.എ എന്‍റർടൈൻമെന്‍റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ചിത്രത്തിലൂടെ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭയെ മലയാള സിനിമക്ക് പരിചയപ്പെടുത്തുകയാണ് ജോൺ അബ്രഹാ.
വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു, ബത്‌ല ഹൗസ് എന്നീ ചിത്രങ്ങൾ നിർമിച്ച് നിരവധി കഴിവുറ്റ പ്രതിഭകളെ സിനിമ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ജെ.എ എന്‍റർടൈൻമെന്‍റ് രഞ്ജിത്ത് സജീവിന് മലയാള സിനിമയിലേക്കുള്ള ലോഞ്ച് പാഡ് ആയി ഒരുങ്ങിക്കഴിഞ്ഞു.
രഞ്ജിത്ത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്. ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി അതുല്യ പ്രതിഭകളെ അണിനിരക്കുന്ന മൈക്കിന്‍റെ ചിത്രീകരണം കേരളത്തിനകത്തും പുറത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്.
അഞ്ച് സുന്ദരികൾ, സി.ഐ.എ, വിജയ് സൂപ്പറും പൗർണമിയും, അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ്, ഷൈലോക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച രണദീവെ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
ദേശീയ പുരസ്കാര ജേതാവും ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, അൻവർ, ഒരു കാൽ ഒരു കണ്ണാടി, മരിയാൻ, രജ്നി മുരുകൻ, പേട്ട, എസ്ര തുടങ്ങി നിരവധി മലയാളം-തമിഴ് ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച വിവേക് ഹർഷനാണ് എഡിറ്റർ. അർജുൻ റെഡ്ഡി, ഡാർലിംഗ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ച രഥൻ ആണ് സംഗീതസംവിധായകൻ. കലാസംവിധാനം - രഞ്ജിത് കൊതേരി, മേക്കപ്പ് -റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം -സോണിയ സാൻഡിയാവോ. ഡേവിസൺ സി.ജെ, ബിനു മുരളി എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.