ബോളിവുഡിൽ ഇതാദ്യം; ‘കിങ് ഖാന്റെ തിരിച്ചുവരവിൽ’ പിറന്നത് സർവകാല റെക്കോഡ്

അഞ്ച് വർഷങ്ങളുടെ ഇടവേളക്ക് ശേഷം കാമറയ്ക്ക് മുന്നിലെത്തി ബോളിവുഡിന്റെ ബാദ്ഷാഹ് ഇന്ത്യൻ ബോക്സോഫീസിൽ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ റെക്കോർഡ്. ‘വാർ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് കിങ് ഖാന് ആക്ഷനും കട്ടും പറഞ്ഞ ‘പത്താൻ’ ആദ്യ ദിനം ആഗോളതലത്തിൽ വാരിക്കൂട്ടിയത് 100 കോടി രൂപ.

ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ആദ്യ ദിനം 100 കോടിയിലേറെ കലക്ഷൻ നേടുന്നത്. ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് മാത്രം ഫസ്റ്റ് ഡേ 57 കോടിയിലേറെയാണ് ചിത്രം നേടിയത്. ഓവർസീസ് കലക്ഷനടക്കം ചിത്രം 100 കോടി നേടിയതായി ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഷാരൂഖ് ഖാൻ-ദീപിക പദുകോൺ ചിത്രം നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി ഓപണറായി മാറിയിരിക്കുകയാണ്.

റിപബ്ലിക് ഡേ അവധി ദിനമായ ഇന്ന് ആദ്യ ദിനത്തേക്കാളേറെ കലക്ഷനാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിനം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രമായി 100 കോടി മറികടക്കുമെന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ട്വീറ്റ് ചെയ്തു. ചിത്രത്തിന് ലഭിക്കുന്ന വലിയ രീതിയിലുള്ള പോസിറ്റീവ് റിപ്പോർട്ടുകൾ ഈ വാരാന്ത്യത്തോടെ ആഗോള കലക്ഷൻ 400 കോടിയും കടക്കാൻ ‘പത്താനെ’ സഹായിച്ചേക്കും.

യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂനിവേഴ്സിലെ മൂന്നാമത്തെ അവതാരമായാണ് ഷാരൂഖ് ഖാൻ പത്താനിലെത്തിയത്. സൽമാൻ ഖാന്റെ ടൈഗർ, ഹൃത്വികിന്റെ കബീർ, ഇപ്പോൾ കിങ് ഖാന്റെ പത്താനും ചേരുന്നതോടെ, ബ്രഹ്മാണ്ഡ സിനിമകളുടെ നിര തന്നെയാണ് ഇനിയങ്ങോട്ട് ​പ്രേക്ഷകരെ കാത്തിരിക്കുന്നത്. പത്താനിൽ അതിന്റെ സൂചനയും നൽകുന്നുണ്ട്. സൽമാന്റെ ഗസ്റ്റ് റോളിന് മികച്ച കൈയ്യടിയാണ് ലഭിച്ചത്.

ചിത്രത്തിൽ, പ്രതിനായകനായി എത്തിയ ജോൺ എബ്രഹാമിന് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണ് ലഭിച്ചത്. നായകനോളം തന്നെ വില്ലനായി പത്താനിൽ ജോൺ തകർത്താടിയിട്ടുണ്ട്. ദീപിക പദുകോണും തന്റെ റോൾ അതിഗംഭീരമാക്കി. ഡിംപിൾ കപാഡിയയും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. 

Tags:    
News Summary - first time in Bollywood; 'The Return of King Khan' created An all-time record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.