കുമളി: കടുത്ത വേനലിന്റെയും അതിവർഷത്തിന്റെയും ഭീഷണിക്കിടയിൽ ലോകം കടന്നു പോകുമ്പോൾ പാരിസ്ഥിതികാതിജീവനത്തിന്റെ സന്ദേശം പകരുന്ന സംസ്ഥാന പരിസ്ഥിതി ചലച്ചിത്രമേളക്ക് ബുധനാഴ്ച തേക്കടിയിൽ തിരി തെളിയും. പെരിയാർ ടൈഗർ റിസർവിന്റെയും പെരിയാർ ഫൗണ്ടേഷന്റെയും ചൈതന്യ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ജൂൺ 5,6,7 തീയതികളിൽ തേക്കടി ബാംബൂ ഗ്രോവിലാണ് ചലച്ചിത്രമേള.
കേരളത്തിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെ ശ്രമഫലമായി നടക്കുന്ന പരിസ്ഥിതി ചലച്ചിത്ര പ്രദർശന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണ് തേക്കടിയിലെ മേളയെന്ന് ഫെസ്റ്റിവൽ സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ദിനമായ ബുധനാഴ്ച രാവിലെ 11.30 ന് ‘ആൽഫ’ പ്രദർശിപ്പിക്കും. ഉച്ചക്ക് 1.30 ന് മേളയുടെ ഉദ്ഘാടനം പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: പാട്ടീൽ സുയോഗ് സുഭാഷ് റാവു നിർവഹിക്കും. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷത വഹിക്കും.ചലച്ചിത്ര നിരൂപകൻ എം.സി. രാജനാരായണൻ മുഖ്യപ്രഭാഷണം നടത്തും. ചൈതന്യ സെക്രട്ടറി എം.എ.അഗസ്റ്റിൻ മേള സംബന്ധിച്ച് വിശദീകരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സിദ്ദിഖ്, ഡോക്യുമെന്ററി സംവിധായകൻ സുരേഷ് ഇളമൺ എന്നിവർ സംസാരിക്കും.
തുടർന്ന് ലുക്കാനിയ, ബാംബു ബല്ലാഡ്സ്, നമ്മുടെ കാവുകൾ, പുനർജീവനം, കണ്ടലമ്മച്ചി, കൊക്കോലി, കൊറ്റില്ലം എന്നീ സിനിമകൾ പ്രദർശിപ്പിക്കും. വ്യാഴാഴ്ച 9.30 ന് വിഖ്യാത പരിസ്ഥിതി ചിത്രം ഡ്യൂമ പ്രദർശിപ്പിക്കും. 12 ന് കവി ജോൺ ഗ്ലാൻസിന്റെ കവിതസമാഹാരം ‘കരിയില കിരുകിരെ’ വിജില ചിറപ്പാട് കെ.ആർ.രാമചന്ദ്രന് നൽകി പ്രകാശിപ്പിക്കും. എൻ. സദാശിവൻ അധ്യക്ഷത വഹിക്കും. സിന്ധു ബാബു, കെ.മുരളി എന്നിവർ സംസാരിക്കും. തുടർന്ന് ഓപ്പൺ ഫോറം സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇ.ജെ.ജോസഫ് മോഡറേറ്ററായിരിക്കും. ഇക്കോ ടൂറിസം ഡയറക്ടർ രാജു കെ. ഫ്രാൻസീസ്, എം.സി. രാജനാരായണൻ, സുരേഷ് ഇളമൺ, സീന കാപ്പിരി ,ഡോ.ബി. രാധാകൃഷ്ണൻ, വി.ബി. നവീൻ എന്നിവർ പങ്കെടുക്കും.കാനനം, സ്ലേവ് ടു വാട്ടർ, ചുൻ ചുൻ മാട്ടി തുടങ്ങി 12 പരിസ്ഥിതി ചിത്രങ്ങൾ തുടർന്ന് പ്രദർശിപ്പിക്കും. വെള്ളിയാഴ്ച സത്യജിത് റേ അവാർഡു നേടിയ പരിസ്ഥിതി ചിത്രം ആദിച്ചായി, സീഡ് സ്റ്റോറീസ്, ആനത്താര, ഹാത്തി ബോന്ദൂ, ഉറുമ്പുകളുടെ അജ്ഞാതലോകം, ദുക്കു മജ്ഹി, ഹൈക്കൂസിനിമകൾ എന്നിവ പ്രദർശിപ്പിക്കും.
വൈകുന്നേരം മൂന്നിന് മേളയുടെ സമാപന സമ്മേളനത്തിൽ ഇക്കോ ടൂറിസം ഡയറക്ടർ രാജു കെ. ഫ്രാൻസീസ് അധ്യക്ഷത വഹിക്കും.ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി.പി. പ്രമോദ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മേള കോ-ഓർഡിനേറ്റർ ടി.ചന്ദ്രൻകുട്ടി, അനന്തപത്മനാഭൻ, പ്രഭു മെൻസ് സന,മാത്യു ജോർജ്, എ.എസ്.അഭിജിത്, പി.വി. സന്തോഷ്, എൻ.കെ.അജയഘോഷ് തുടങ്ങിയവർ പങ്കെടുക്കും. പത്തോളം ചിത്രങ്ങൾ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികളായ എം.എ.അഗസ്റ്റിൻ, എൻ.സദാശിവൻ, ഇ.ജെ.ജോസഫ്, ചന്ദ്രൻ കുട്ടി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.