ന്യൂഡൽഹി: ലഗാൻ, മംഗൾ പാണ്ഡേ എന്നീ ചിത്രങ്ങളിൽ ആമിർ ഖാനൊപ്പം അഭിനയിച്ച അനുപം ശ്യാം തിങ്കളാഴ്ചയാണ് അന്തരിച്ചത്. വൃക്ക അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്‍റെ ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നു. എന്നാൽ ആമിർ ഖാൻ വാക്കുപാലിച്ചിരുന്നെങ്കിൽ തന്‍റെ സഹോദരൻ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് അനൂപമിന്‍റെ സഹോദരൻ അനുരാഗ് പറയുന്നത്.
സഹോദരന് ആമിർ ഖാൻ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് നടൻ വിളിച്ചാൽ എടുക്കാതെയായതായും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കുറ്റപ്പെടുത്തി.
'ഞങ്ങളുടെ മാതാവ് ഉത്തർപ്രദേശിലെ പ്രതാപ്ഗഢിലുള്ള ഗ്രാമത്തിലാണ് കഴിയുന്നത്. അമ്മയുടെ അടുത്ത് പോയി താമസിക്കാൻ സഹോദരന് നല്ല താൽപര്യമുണ്ടായിരുന്നു. ഗ്രാമത്തിൽ ഡയാലിസിസ് കേന്ദ്രമില്ലാത്തതിനാൽ സഹോദരന് അവിടേക്ക് പോകാൻ സാധിക്കുമായിരുന്നില്ല. ഇതോടെയാണ് നാല് മെഷീനുകൾ സ്ഥാപിച്ച് ഗ്രാമത്തിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാനായി ആമിർ ഖാനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. നിങ്ങൾക്ക് നാലല്ല അഞ്ച് മെഷീൻ വാങ്ങാമെന്ന് ഉറപ്പ് നൽകിയ ആമിർ സെക്രട്ടറിയുമായി സംസാരിച്ച ശേഷം വിവരമറിയിക്കാമെന്ന് പറഞ്ഞു. എന്നാൽ ഒന്നും സംഭവിച്ചില്ല. ചേട്ടന്‍റെ കോളുകൾ എടുക്കാത്ത ആമിർ മെസേജുകൾ പോലും വായിക്കാതായി. അതോടെ അമ്മയെ കാണാനുള്ള ചേട്ടന്‍റെ ആഗ്രഹം നടന്നില്ല. അമ്മ മരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചെയ്യാൻ പോലും സാധിക്കാതെയാണ് ചേട്ടനും വിടവാങ്ങിയത്' -അനുരാഗ് പറഞ്ഞു.
ആമിർ ഫോൺകോളുകളോട് പ്രതികരിക്കാതായപ്പോൾ സഹോദരന് വേദനിച്ചെങ്കിലും അദ്ദേഹം ഒരിക്കലും അത് പ്രകടിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന് അസുഖം ബാധിച്ചപ്പോൾ സിനിമ മേഖലക്ക് പുറത്ത് നിന്നുള്ള ആളുകളാണ് സഹായിച്ചതെന്നും സഹോദരൻ പറഞ്ഞു.
'വലിയ ബ്രാൻഡുകളായി കണക്കാക്കുന്ന ഇവർക്ക് സ്വന്തം ആളുകളെ സഹായിക്കാൻ കഴിയാത്തതെന്താണ്? നിങ്ങൾ മരിക്കുമ്പോൾ ഈ സമ്പത്ത് കൊണ്ടുപോകാൻ കഴിയില്ല. സിനിമ വ്യവസായത്തിന് പുറത്ത് സർക്കാർ സഹായത്തിനായി കേഴുന്ന നമ്മുടെ ആളുകളെ എന്തുകൊണ്ട് സഹായിക്കാൻ കഴിയില്ല? ഒരുപാട് അഭിനേതാക്കളും കൊറിയോഗ്രാഫർമാരും മറ്റ് ടെക്നീഷ്യൻമാരും കടുത്ത പ്രതിസന്ധിയിലായ വേളയിലും നമ്മുടെ വലിയ താരങ്ങൾ മുഷ്ടി ചുരുട്ടി ഇരിക്കുകയാണ്'- അനുരാഖ് കുറ്റപ്പെടുത്തി.
സഹജീവികളെ സഹായിക്കുമായിരുന്ന അനൂപം തന്നേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചതോടെ സ്വന്തമായി ഒരു വീട് പോലും നിർമിക്കാൻ സാധിച്ചില്ല. സുഹൃത്തും നടനുമായ യശ്പാൽ ശർയാണ് അനുപം ശ്യാമിെന്റ മരണവാർത്ത പുറത്തുവിട്ടത്. മൻ കീ ആവാസ്; പ്രതീഗ്യയെന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് 63കാരനായ അനുപം ശ്രേദ്ധയനാകുന്നത്. ഓസ്കാർ ചിത്രം 'സ്ലം ഡോഗ് മില്ല്യണയർ', ബണ്ടിത് ക്യൂൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തേയും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിലഞ്ഞവർഷം അദ്ദേഹം ഡയാലിസിസിന് വിധേയനായിരുന്നു. മൻ കീ ആവാസ്; പ്രതീഗ്യയുടെ രണ്ടാം സീസൺ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.