'ഈ വൃത്തികേടിന് കോടികളുടെ പ്രതിഫലം അർഹിക്കുന്നു, ഷുക്കൂറിനൊപ്പം'; 'ആടുജീവിതം നോവലിനെതിരെ ഹരീഷ് പേരടി

 ബെന്യാമിന്റെ ആടുജീവിതം നോവലിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. താൻ ഷുക്കൂറിനൊപ്പമാണെന്നും നോവലിനും സിനിമക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണെന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും കളിയാക്കുകയാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വച്ചാണ് വിൽപന നടത്തിയതെന്ന് അറിയുമ്പോൾ, ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നെന്നും നടൻ കൂട്ടിച്ചേർത്തു.

‘നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30 ശതമാനമേ ഉള്ളൂ, ബാക്കിയൊക്കെ കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും. ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ ‘കഥയുടെ പൊടിപ്പും തൊങ്ങലും’ വളരെ കുറച്ച് മാത്രമേയുള്ളൂ (10 ശതമാനം) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക.

ഈ സാഹിത്യ സർക്കസ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വച്ചാണ് വിൽപനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയതെന്ന് അറിയുമ്പോൾ, ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു.

ഷൂക്കൂർ ഇക്കാ, നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്. നിങ്ങളുടെ ആടുജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്. ക്ഷമിക്കുക. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു മനുഷ്യന്റെയും ജീവിതം വച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം. ഷുക്കൂറിനോടൊപ്പം'- എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

Full View

സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരിച്ച് ബെന്യാമിൻ എത്തിയിരുന്നു. തന്റെ കഥയിലെ നായകൻ നജീബാണെന്നും അല്ലാതെ ഷുക്കൂർ അല്ലെന്നും അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നുമായിരുന്നു ബെന്യാമിൻ പറഞ്ഞത്. 

ബെന്യാമിന്റെ വാക്കുകൾ ഇങ്ങനെ

'കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക'.

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസിയാണ് ആടുജീവിതം സിനിമയാക്കിയത്.മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Tags:    
News Summary - Hareesh Peradi against benyamin Aadujeevitham Novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.