ന്യൂഡൽഹി: അക്ഷയ്കുമാറും മാനുഷി ഛില്ലറും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'നെ പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക സ്‌ക്രീനിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സിനിമ നമ്മുടെ മാതൃരാജ്യത്തിന് വേണ്ടി ധീരമായി പോരാടിയ സമാനതകളില്ലാത്ത പോരാളിയുടെ കഥ മാത്രമല്ലെന്നും അത് നമ്മുടെ സംസ്കാരത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു. ആയിരം വർഷത്തെ നമ്മുടെ പോരാട്ടം വെറുതെയായില്ല. 2014 തൊട്ട് ഇന്ത്യയിൽ ഒരു സാംസ്കാരിക ഉണർവ് ആരംഭിച്ചിട്ടുണ്ട്. അത് ഇന്ത്യയെ വീണ്ടും ഉയരങ്ങളിലേക്കെത്തിക്കും. നിരവധി പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് കൊണ്ട് ഇന്ത്യയുടെ മഹത്വവും സംസ്‌കാരവും പഴയ പ്രതാപത്തിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്രാട്ട് പൃഥ്വിരാജിന്റെ മുഴുവൻ ടീമിനെയും പ്രത്യേകിച്ച് ക്രിയേറ്റീവ് ആർട്ട് ഡയറക്ഷൻ ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഒമാനിലും കുവൈത്തിലും 'സാമ്രാട്ട് പൃഥ്വിരാജി'ന്‍റെ പ്രദർശനം നിരോധിച്ചതായി നേരത്തെ ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു. രാജാവായ പൃഥ്വിരാജിന്റെ ജീവിതകഥ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു സിനിമ കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ നിരോധിച്ചത് നിർഭാഗ്യകരമാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഇതിനോട് പ്രതികരിച്ചു. എന്തുകൊണ്ട് ആളുകൾ ചരിത്രത്തിലേക്ക് നോക്കാനും ഇന്ത്യക്കും ഹിന്ദുക്കൾക്കും സംഭവിച്ചത് അംഗീകരിക്കാനും ശ്രമിക്കുന്നില്ല എന്നതിനെ ഇത് ചോദ്യം ചെയ്യുന്നതായും അവർ പറഞ്ഞു.
യോദ്ധാ രാജാവായ പൃഥ്വിരാജ് ചൗഹാന്‍ ഗോറിലെ മുഹമ്മദിനെതിരായി നടത്തിയ യുദ്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മിസ് വേൾഡായ മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.