തിരുവനന്തപുരം: 2021 വർഷത്തെ രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി നാല് മുതൽ 11 വരെ നടക്കും. നേരത്തെ ഡിസംബർ 10 മുതൽ ഐ.എഫ്.എഫ്.കെ നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, തിയറ്ററുകളുടെ ലഭ്യതക്കുറവും മോശം കാലാവസ്ഥയുമാണ് മേളമാറ്റാൻ കാരണമെന്നാണ് സൂചന. അതേസമയം, രാജ്യന്താര ഡോക്യുമെന്‍ററി-ഹൃസ്വചിത്രമേള ഡിസംബർ ഒമ്പത് മുതൽ 14 വരെ നടക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പ്പോലും ഐ.എഫ്.എഫ്.കെ മുടക്കമില്ലാതെ നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഐ.എഫ്.എഫ്.കെയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിൽ ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.