അഭിനയത്തിൽ സജീവമാകാനൊരുങ്ങി നടൻ ഇമ്രാൻ ഖാൻ. അടുത്തിടെ പങ്കെടുത്ത പൊതുപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചു വരവിനെ കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ സാധിക്കില്ലെന്നും തിരക്കഥ വായിക്കുകയാണെന്നും സിനിമാ ചർച്ചകൾ പുരോഗമിക്കുകയാണെന്നും നടൻ പറഞ്ഞു. ബോളിവുഡിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. അടുത്ത വർഷം പ്രതീക്ഷിക്കാമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
സിനിമകളോടുളള താൽപര്യത്തെ കുറിച്ചും നടൻ സംസാരിച്ചിരുന്നു. ഒരു പ്രേക്ഷകൻ എന്ന നിലക്കാണ് സിനിമയോടുള്ള അഭിനിവേശം ആരംഭിച്ചത്. സിനിമ കാണുന്നതിനൊപ്പം ചിത്രത്തിലെ നായകന്മാരും എന്നെ സ്വാദീനിച്ചിരുന്നു. സിനിമയെ പോലെ അതും ഞാൻ ആസ്വദിച്ചു. കുട്ടിക്കാലത്ത് സ്പെഷൽ എഫക്ട് ചിത്രങ്ങളും മികച്ച കാഴ്ചാനുഭവം നൽകുന്ന സിനിമകളും കാണാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യാന ജോൺസ് എന്ന ചിത്രം കണ്ടത്. അത് ഇപ്പോഴും എനിക്ക് ഓർമയുണ്ട് . ഇന്ത്യാന ജോൺസിനെപ്പോലെ ഒരു ബ്രൗൺ ലെതർ ജാക്കറ്റൊക്കെ അന്ന് ഞാൻ വാങ്ങി. ഒരു നായകനെ അനുകരിക്കാൻ ശ്രമിച്ചതിന്റെ ആദ്യകാല ഓർമകളാണ്- ഇമ്രാൻ പറഞ്ഞു.
2015 ൽ പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ബാലതാരമായി കരിയർ ആരംഭിച്ച ഇമ്രാൻ ഖാൻ നായകനായി ചുവടുവെക്കുന്നത് 2008 ൽ പുറത്തിറങ്ങിയ ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം വൻ വിജയമായിരുന്നു. എന്നാൽ പിന്നീട് പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടനുളളത്.സോഷ്യൽ മീഡിയയിലൂടെ തന്റെ കാഴ്ചപാടും സിനിമ അനുഭവങ്ങളും പങ്കുവെക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.