ചൈനക്കാരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടാത്ത നാട്ടിൻപുറം ഇന്ത്യയിലെവിടെയെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. കളിപ്പാട്ടം മുതൽ കാറും കമ്പ്യൂട്ടറും മൊബൈൽ ഫോണും വരെ ചൈനക്കാരുടെ തള്ളിക്കയറ്റമാണ് ഇന്ത്യയിലേക്ക്. ഒറിജിനലും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റും ചൈനയിൽ നിന്ന് ഇന്ത്യയിൽ എത്തും. ഇത് ഇന്ത്യയുടെ മാത്രം കഥയല്ല. ലോകത്തെ വിപണികളിലൊക്കെയും ഈ ചൈനീസ് ആധിപത്യം കാണാം.
പക്ഷേ, ഇന്ത്യയിൽ നിന്ന് ചൈനയിലെ വിപണികളെ എന്തെങ്കിലും ഉൽപ്പന്നം കീഴടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാൽ, ചൈനയിലെ വെള്ളിത്തിരകളിൽ ഇപ്പോൾ ഇന്ത്യൻ ആധിപത്യമാണെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ സിനിമകളിൽ ചൈനക്കാരെ ഏറെ ആകർഷിക്കുന്നത് തമിഴ് സിനിമകളാണ്. തമിഴ് സിനിമകൾക്ക് ചൈനയിൽ ഏറെ ആരാധകരുണ്ട്. പ്രത്യേകിച്ച് രജനീകാന്തിന്റെ സ്റ്റൈലിഷ് സിനിമകൾക്ക്. യന്തിരനും. റോബോ 2.0ഉം ചൈനയിൽ വൻ വിജയമായിരുന്നു. കോടികളാണ് ഈ സിനിമകൾ ചൈനയിൽ നിന്ന് വാരിയത്.
ഇപ്പോൾ ചൈനയിൽ നിറഞ്ഞ തിയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത് വിജയ് സേതുപതി നായകനായി നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ‘മഹാരാജ’ എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്. അടുത്തിടെയായി വില്ലൻ വേഷങ്ങളിലേക്ക് മാറിയ വിജയ് സേതുപതിയുടെ മുഴുനീള നായക വേഷമാണ് മഹാരാജയിൽ. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, അഭിരാമി തുടങ്ങിയവരും വേഷമിട്ട ഈ ക്രൈം ത്രില്ലറിന് വൻ സ്വീകാര്യതയാണ് ഇപ്പോൾ ചൈനയിൽ കിട്ടിക്കൊണ്ടിരിക്കുന്നത്. 40,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യ വാരം തന്നെ 41 കോടി കളക്ട് ചെയ്തു കഴിഞ്ഞു. യന്തിരനും റോബോയും നേടിയതിനെക്കാൾ വലിയ നേട്ടമാണ് ഈ ചിത്രം കൈവരിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ 50ാമത്തെ ചിത്രമാണ് മഹാരാജ.
കിഴക്കൻ ലഡാക്കിന്റെ വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്ന ഉടക്കിനു ശേഷം ചൈനയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമകൂടിയാണ് ‘മഹാരാജ’. ചൈനയിൽ പണം വാരുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ 13ാം സ്ഥാനത്തെത്തിയിട്ടുണ്ട് മഹാരാജ. 20 കോടി ചെലവിട്ട് നിർമിച്ച ചിത്രം ഇതിനകം 150 കോടിയാണ് കളക്ഷൻ നേടിയത്.
2022 ലാണ് ലഡാക് പ്രശ്നത്തിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം ചൈന വിലക്കിയത്. രണ്ടു വർഷത്തെ നിരോധനത്തിനു ശേഷം ഉഭയകക്ഷി ചർച്ചകളിലൂടെ മഞ്ഞുരുകിയപ്പോൾ വീണ്ടും ചൈനയുടെ വെള്ളിത്തിരകൾ വെട്ടിപ്പിടിക്കാൻ ഇന്ത്യൻ സിനിമകൾ പുറപ്പെടുകയാണ്. കൂടുതൽ ഇന്ത്യൻ സിനിമകൾ വരുംനാളുകളിൽ ചൈനയിൽ പ്രദർശനത്തിനെത്തും.
ചൈനയിൽ നിന്ന് ഏറ്റവും കൂടുതൽ പണംവാരിയ ഇന്ത്യൻ സിനിമ ആമിർ ഖാന്റെ ‘ഡംഗൽ’ ആണ്. ഇർഫാൻ ഖാന്റെ ‘ഹിന്ദി മീഡിയം’, സൽമാൻ ഖാന്റെ ‘ബജ്രംഗി ഭായ്ജാൻ’, പ്രഭാസിന്റെ ‘ബാഹുബലി’, അക്ഷയ് കുമാറിന്റെ ‘ടോയ്‍ലറ്റ് ഏക് പ്രേം കഥ’, ആമിർ ഖാന്റെ ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ തുടങ്ങിയ ചിത്രങ്ങൾ കോടികളാണ് ചൈനയിൽ നിന്ന് വാരിയത്.
അതിനിടയിൽ ‘മഹാരാജ’ ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള അവകാശം ആമിർ ഖാൻ നേടിയതായി വാർത്തയുണ്ട്. വിജയ് സേതുപതിയുടെ വേഷത്തിൽ ആമിർ ഖാൻ തന്നെ അഭിനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.