ഫരീദ്ഖാൻ

കെട്ടുകാഴ്ചകളല്ലാത്ത ജീവിതമാകണം സിനിമ -ചലച്ചിത്ര നിർമാതാവ് ഫരീദ്ഖാൻ

ദമ്മാം: സാധാരണ മനുഷ്യരോട് സംവദിക്കുന്ന, അവരുടെ ജീവിത ചുറ്റുപാടുകളിൽ വിരിയുന്ന സംഭവങ്ങളിലൂടെയാവണം സിനിമ രൂപപ്പെടേണ്ടതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് എഴുത്തുകാരനും ചലച്ചിത്ര നിർമാതാവുമായ ഫരീദ് ഖാൻ. മലയാളത്തിലെ 'ആമേൻ' ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ട അഞ്ച് സിനിമകളുടെ നിർമാതാവാണ് ഫരീദ് ഖാൻ. ലക്ഷദ്വീപിലെ കൽപേനി സ്വദേശിയായ ഇദ്ദേഹം ദ്വീപിൽനിന്നുള്ള ആദ്യ സിനിമ നിർമാതാക്കളിൽ ഒരാൾകൂടിയാണ്. ഉംറക്കായി സൗദിയിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.

'ഞാൻ കാണാനാഗ്രഹിക്കുന്ന സിനിമകളാണ് ഞാൻ നിർമിക്കുന്നത്' -അദ്ദേഹം പറഞ്ഞു. കഥയെഴുതാനും സംവിധാനം ചെയ്യാനുമുള്ള മോഹവുമായി മലയാള സിനിമയിലെത്തിയ ഫരീദ്ഖാൻ രണ്ടും നടക്കാതെ വന്നതോടെ നിർമാതാവായി മാറുകയായിരുന്നു. ഉപ്പ സെയ്ദ് മുഹമ്മദ് കോയയിൽനിന്നാണ് കലയും സിനിമയുമൊക്കെ ഫരീദിലേക്കും എത്തുന്നത്. അന്ന് ദ്വീപിൽ മാസത്തിൽ ഒന്നോ രണ്ടോ കപ്പലുകൾ മാത്രമാണ് എത്തുക. ഇതിൽ ഉപ്പ വരുത്തുന്ന മാസികകളും പത്രങ്ങളും പുസ്തകങ്ങളും ഉണ്ടാകും. അത് വായിച്ച് മനസ്സിൽ സ്വപ്നങ്ങൾ ഊറിക്കൂടാൻ തുടങ്ങിയപ്പോഴാണ് കഥകളെഴുതിത്തുടങ്ങുന്നത്.

സിദ്ദീഖും ലാലുമായുള്ള സൗഹൃദം ദ്വീപിൽ കഥയെഴുതാനെത്തുന്ന അവരുടെ സന്തതസഹചാരിയാക്കി. സിനിമകളെക്കുറിച്ച് അവരുമായുള്ള ചർച്ചകൾ സിനിമയോടുള്ള ഇഷ്ടം സിരകളിൽ നിറച്ചു. കൊടുങ്ങല്ലൂർ എം.ഇ.എസ് കോളജിൽ ഡിഗ്രി കഴിഞ്ഞപ്പോഴേക്കും സിനിമാമോഹം കലശലായി. ജീവിതം കരുപ്പിടിപ്പിക്കാൻ ദ്വീപിലേക്കുതന്നെ മടങ്ങേണ്ടി വന്നു. അത്യാവശ്യം നിവർന്നുനിൽക്കാമെന്നായപ്പോഴേക്കും പഴയ സിനിമാമോഹങ്ങൾ തലപൊക്കി. പിന്നെ സിനിമയിലേക്കുള്ള എളുപ്പവഴി എന്ന നിലക്കാണ് 2012ൽ പുതുമുഖങ്ങളെ അണിനിരത്തി 'വൈറ്റ് സാൻഡ്' സിനിമ പ്രൊഡക്ഷൻസ് ബാനറിൽ 'സിനിമാ കമ്പനി' എന്ന സിനിമ നിർമിക്കുന്നത്.

സിനിമാമോഹവുമായി നടക്കുന്നവരുടെ കഥയായിരുന്നു അത്. ചില്ലറ സാമ്പത്തിക നഷ്ടം ബാക്കിയാക്കിയെങ്കിലും മലയാള സിനിമാലോകവുമായി ബന്ധപ്പെട്ട് കുറെക്കാര്യങ്ങൾ അതിലൂടെ പഠിക്കാനായി. 2013ൽ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ആമേൻ' എന്ന സിനിമ നിർമിച്ചു. ലിജോയുടെയും ഫഹദ് എന്ന നടന്റെയും ഒപ്പം ഫരീദിന്റെയും തലവരമാറ്റിയ ചിത്രമായി അത്. ലിജോ ഇതിന് മുമ്പെടുത്ത മൂന്ന് സിനിമകളും സാമ്പത്തികമായി പരാജയപ്പെട്ടിരുന്നെങ്കിലും അവയുടെ മേക്കിങ് തന്നെ വല്ലാതെ ആകർഷിക്കുകയും ലിജോയുടെ ആരാധകനാക്കി മാറ്റുകയും ചെയ്തിരുന്നെന്ന് ഫരീദ് പറഞ്ഞു. ഏറ്റവും ജനപ്രീതിയുള്ള ചിത്രം എന്നതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ 'ആമേനി'നെ തേടിയെത്തി. ഒപ്പം നിരവധി അന്തർദേശീയ പുരസ്കാരങ്ങളും.

ഫഹദാകട്ടെ പറഞ്ഞുറപ്പിച്ച തുകയിൽനിന്ന് കുറച്ച് തിരിച്ചുനൽകി ആ സിനിമയോടുള്ള ഇഷ്ടം പ്രകടമാക്കുകയും ചെയ്തതായും ഫരീദ് പറയുന്നു. 'നിങ്ങൾ ഈ സിനിമ നിർമിച്ചതിലൂടെ മലയാള സിനിമക്ക് ഒരു മാസ്റ്റർ പീസ് സമ്മാനിച്ചിരിക്കുന്നു, ഈ സിനിമക്ക് കണക്കുപറഞ്ഞ് പണം വാങ്ങുന്നത് ഒരു കലാകാരന് ചേർന്നതല്ല' എന്ന് പറഞ്ഞായിരുന്നു ഫഹദ് പണം മടക്കിനൽകിയത്. കോളജിൽ ജൂനിയറായിരുന്ന റഫീഖാണ് ആമേൻ സിനിമയുടെ കഥയുമായി ഫരീദിനെ സമീപിച്ചത്. പിന്നീട് നിർമിച്ച, ആസിഫലി നായകനായ 'തൃശുവപേരൂർ ക്ലിപ്തം', കോവിഡ് കാലത്ത് വിജയചിത്രങ്ങളിലൊന്നായി മാറിയ 'സുമേഷും രമേഷും' എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ സിനിമയുടെ വർക്കിലാണിപ്പോൾ. ഒരു വർഷം മലയാളത്തിൽ ഇറങ്ങുന്ന 130ഓളം സിനിമകളിൽ 30 എണ്ണത്തോളം മാത്രമേ വിജയിക്കുകയോ നഷ്ടമില്ലാത്ത അവസ്ഥയിലാവുകയോ ചെയ്യുന്നുള്ളൂ. ലക്ഷദ്വീപിന്‍റെ സാമൂഹിക, രാഷ്ട്രീയ ജീവിതങ്ങൾ ഇതൾവിരിയുന്ന സിനിമക്കുള്ള കഥ പൂർത്തിയാക്കി കാത്തിരിക്കുകയാണ്. അത് സംഭവിക്കുക എന്നതാണ് ഏറ്റവും വലിയ സിനിമാസ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. ആരിഫ ഖാനാണ് ഭാര്യ, ആരവ് ഖാൻ മകനും. 

Tags:    
News Summary - Interview with writer and filmmaker Farid Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.