തന്റെ ‘1921 പുഴ മുതൽ പുഴ വരെ’ സിനിമ മാളികപ്പുറം പോലെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവുമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമയുടെ റിലീസ് നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് രാമസിംഹൻ വൈകാരിക കുറിപ്പുമായി രംഗത്തുവന്നത്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് 1921 പുഴ മുതൽ പുഴ വരെ.
‘1921 പുഴ മുതൽ പുഴ വരെ സെൻസർ ബോർഡിന്റെ കോൾഡ് സ്റ്റോറേജിൽ ഇരിപ്പുണ്ട്... നേതാക്കൾ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും അതും’-എന്നാണ് രാമസിംഹൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
നാളുകളായി റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ നടക്കുകയാണ്. ചിത്രം രണ്ടാമതും പുന: പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍റെ തീരുമാനം സിനിമാറ്റോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
ഏറെ നാളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പ്രതിഷേധവുമായി അടുത്തിടെ ടി.ജി. മോഹന്‍ദാസ് രംഗത്ത് എത്തിയിരുന്നു. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂർ വിഷയത്തില്‍ ഇടപെടണമെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു.
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹൻ ചിത്രം നിര്‍മ്മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.