ഫ്രഞ്ച് നവതരംഗ സിനിമയുടെ അമരക്കാരൻ ഗൊദാർദ് അന്തരിച്ചു

പാരിസ്: ഫ്രഞ്ച് നവതരംഗ സിനിമയുടെ അമരക്കാരിലൊരാളായ പ്രമുഖ സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു. 91 വയസ്സായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 1950-60 കാലഘട്ടത്തിൽ സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശക്തമായ സാന്നിധ്യമറിയിച്ചു.

തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന ഗൊദാർദിന്‍റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. ആദ്യ ചിത്രമായ ബ്രെത്ത്‌ലെസ്, കംണ്ടെപ്ട് എന്നിവ വിഖ്യാത സിനിമകളാണ്. എ വുമണ്‍ ഈസ് എ വുമണ്‍ (1969) ആണ് ആദ്യ കളര്‍ ചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്ക് മാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ ഘട്ടത്തിലെ മുഖ്യ സൃഷ്ടിയാണ്.

1930 ഡിസംബർ മൂന്നിന് പാരിസിലെ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായാണ് ജനനം. സമഗ്രസംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 

Tags:    
News Summary - Jean-Luc Godard, Godfather of French New Wave cinema, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.