ശരണം തരണം മണികണ്ഠ..; അയ്യപ്പ ഭക്തിഗാനം ആലപിച്ച് ജോജു ജോര്‍ജ്, ദ്വിഭാഷ ചിത്രം അദൃശ്യത്തിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: ജോസഫ് എന്ന ചിത്രത്തിന് ശേഷം വീണ്ടും ഗായകനായി ജോജു ജോര്‍ജ്. മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് അയ്യപ്പ ഭക്തിഗാനവുമായി ജോജു എത്തിയിരിക്കുന്നത്.

ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ലളിതമായ അയ്യപ്പ ഭക്തി ഗാനം മകരവിളക്ക് സമയത്താണ് പുറത്തുവിട്ടിരിക്കുന്നതെന്നും പ്രത്യേകതയാണ്. നേരത്തെ പുറത്തുവിട്ട അദൃശ്യത്തിലെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരു ഭാഷകളിലും ഒരേസമയം ഒരുങ്ങുന്ന സിനിമയില്‍ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ആണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ സാക് ഹാരിസ് പറഞ്ഞു.

ഒരു ദ്വിഭാഷ ചിത്രം എന്ന നിലയിൽ ഒരുക്കിയ ചിത്രമല്ല ഇതെന്നും രണ്ട് ഭാഷയിലും പറയാന്‍ പറ്റിയ കഥയായതുകൊണ്ടാണ് ഒരേസമയം തന്നെ രണ്ട് ഭാഷകളിലും വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ച് ചിത്രം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്.

രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    
News Summary - Jojo George as the singer again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.