‘തിയേറ്ററുകളാണ് ഷോ ടൈം തീരുമാനിക്കുന്നത്’: അനീഷ് ഉപാസനയ്ക്ക് മറുപടിയുമായി ജൂഡ് ആന്റണി

2018നൊപ്പം ചെറിയ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും ഒരിടം നൽകണം എന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ജാനകി ജാനേയുടെ സംവിധായകൻ അനീഷ് ഉപാസനയുടെ കത്തിന് മറുപടിയുമായി ജൂഡ് ആന്റണി ജോസഫ്. 2018ന്റെ സംവിധായകൻ ജൂഡ് ആന്റണിയ്ക്കും നിർമാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പിള്ളിയ്ക്കുമായാണ് അനീഷ് കത്ത് എഴുതിയത്. ഇപ്പോൾ, അനീഷിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.

‘എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. അനുരാഗവും ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ്. എല്ലാവരും അധ്വാനിക്കുന്നവരാണ്. തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവർക്കുണ്ട്. ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ. നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം. സ്നേഹം മാത്രം’-എന്നാണ് ജൂഡ് കത്തിൽ കുറിച്ചത്.

2018നു കൂടുതൽ ഷോ ടൈം അനുവദിച്ചതോടെ ജാനകി ജാനേയെ പോലുള്ള കൊച്ചു ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ വേണ്ടത്ര ഷോ ടൈം കിട്ടുന്നില്ലെന്നാണ് സംവിധായകൻ അനീഷ് ഉപാസന ചൂണ്ടി കാണിച്ചത്.

“ആന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയേറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത്, ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ.

2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും( working days) ചെയ്യുന്ന തീയേറ്ററുകളുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല. തീയേറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്, സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിര 12 മണിക്കായാലും 2018 ഓടും. പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തീയേറ്ററിൽ നിറയണമെങ്കിൽ ഫസ്റ്റ് ഷോയും സെക്കൻ്റ് ഷോയും വേണം. ദയവ് ചെയ്ത് സഹകരിക്കണം.

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്. ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്. പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്. പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്. ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്, മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം. ജാനകി ജാനേയും സിനിമ തന്നെയാണ്, ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ്, 2018 ഉം സിനിമയാണ്, എല്ലാം ഒന്നാണ് മലയാള സിനിമ! മലയാളികളുടെ സിനിമ! ആരും 2018 ഓളം എത്തില്ലായിരിക്കും. എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ’-അനീഷ് ഉപാസന എഴുതുന്നു.

ഏറെ നാളുകൾക്കു ശേഷം ഹൗസ് ഫുൾ ഷോകളുമായി കേരളത്തിലെ തിയേറ്ററുകളെ സജീവമാക്കുകയാണ് 2018. ഇതിനകം തന്നെ നൂറു കോടി ക്ലബ്ബിലും ചിത്രം ഇടം നേടി കഴിഞ്ഞു. പത്തു ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിച്ചത്. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രം 2018 ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. 12 ദിവസം കൊണ്ട് നൂറു കോടി നേടിയ മോഹൻലാൽ ചിത്രം ലൂസിഫറിനെയാണ് 2018 മറികടന്നത്.

Tags:    
News Summary - jude anthony replies to aneesh upasana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.