തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ക്വീൻ’ എന്ന ചിത്രത്തിന്റെ ഒമ്പതാം വാർഷിക ദിനത്തിൽ തനിക്ക് പ്രിയപ്പെട്ട എട്ട് സിനിമകൾ തെരഞ്ഞെടുത്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു ട്വിറ്റർ ഉപയോക്താവിന്റെ പോസ്റ്റിനോട് പ്രതികരിച്ച് പങ്കുവെച്ച പട്ടികയിൽ ഒരൊറ്റ ഹിന്ദി ചിത്രം മാത്രമാണ് ഇടം പിടിച്ചത്. 1957ൽ പുറത്തിറങ്ങിയ ‘പ്യാസ’ ആണ് പട്ടികയിലുള്ള ഏക ഹിന്ദി ചിത്രം. ഇതിന്റെ സംവിധാനം, നിർമാണം, രചന എന്നിവ നിർവഹിച്ചത് ഗുരുദത്ത് ആയിരുന്നു. ഉറുദു കവിയുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. മാലാ സിൻഹ, വഹീദ റഹ്മാൻ, ജോണി വാക്കർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
എന്റെ പ്രിയ ചിത്രങ്ങൾ ഇവയാണ്, ഇതുവരെ കാണാത്തവരുണ്ടെങ്കിൽ കാണുക എന്ന കുറിപ്പോടെയാണ് പട്ടിക പുറത്തുവിട്ടത്. ഇതിൽ പ്യാസ ഒഴികെയുള്ളവയെല്ലാം ഹോളിവുഡ് ചിത്രങ്ങളാണ്. ഹോളിവുഡ് ക്ലാസിക് ചിത്രങ്ങളായ അമൂർ, റ്യാൻ ഗോസ്‍ലിങ്ങിന്റെ ദ നോട്ട്ബുക്ക്, മർലിൻ മൻറൊയുടെ സെവൻ ഇയർ ഇച്ച്, മോർഗൻ ഫ്രീമാന്റെ ദ ഷോഷാങ്ക് റിഡംപ്ഷൻ, ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലർ, അമദേയസ്, അമേരിക്കൻ ബ്യൂട്ടി, എന്നിവയാണ് കങ്കണയുടെ ഇഷ്ട ചിത്രങ്ങൾ.
നിലവിൽ ‘ചന്ദ്രമുഖി 2’ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിലാണ് കങ്കണ. ഒരു ക്ലാസിക്കൽ ഡാൻസറുടെ വേഷമാണ് ഇതിൽ ചെയ്യുന്നത്. കങ്കണ തന്നെ നിർമാണവും സംവിധാനവും നിർവഹിച്ച് മുഖ്യ വേഷത്തിലെത്തുന്ന ‘എമർജൻസി’ ആണ് അടുത്തതായി പുറത്തിറങ്ങാനുള്ള താരത്തിന്റെ ചിത്രം. അടിയന്തരാവസ്ഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.