ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച നടന്ന ബി.ജെ.പി പാർലമെന്‍ററി യോഗത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കശ്മീർ ഫയൽസ് മികച്ച ചിത്രമാണെന്നും, ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജി ബോംബെ ഹൈകോടതി തള്ളിയതിന് പിന്നാലെ മാർച്ച് 11നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ നികുതി ഗുജറാത്തും, കർണാടകയും ഇളവ് ചെയ്തിരുന്നു.
വിവേക് അഗ്നിഹോത്രി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. കശ്മീർ പണ്ഡിറ്റുകളെ സംബന്ധിച്ച കഥയാണ് സിനിമയിൽ പറയുന്നത്. കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കുകയും മാതൃരാജ്യത്ത് നിന്ന് പുറത്താക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നൊക്കെയാണ് ഏകപക്ഷീയമായി സിനിമ പറഞ്ഞുവെക്കുന്നത്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിലർ കോടതിയെയും സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മത-വർഗീയ സംഘർഷങ്ങൾ വർധിക്കാൻ കാരണമാകുന്ന പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.