കാഠ്മണ്ഡു: ദിവസങ്ങൾക്ക് മുമ്പ് റിലീസിനെത്തിയ ‘ആദിപുരുഷ്’ സിനിമയെച്ചൊല്ലി നേപ്പാളിൽ വിവാദം കനക്കുന്നു. കാഠ്മണ്ഡുവിന് പിന്നാലെ നേപ്പാളിലെ പൊഖാറ മെട്രോപൊളിറ്റൻ സിറ്റിയിലും ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെയ്ക്കാൻ പൊഖാറ മേയർ ധനരാജ് ആചാര്യ തിയറ്ററുകൾക്ക് നിർദേശം നൽകി. നേരത്തെ, നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ മേയർ ബാലേന്ദ്ര ഷാ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ചിത്രത്തിൽ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളിൽ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ രാജ്യത്ത് ഉയർന്നത്.
‘ആദിപുരുഷിൽ സീത ഇന്ത്യയുടെ മകളാണെന്ന് അവകാശപ്പെടുന്ന സംഭാഷണം ഉണ്ടായിരുന്നു, അത് പ്രതിഷേധാർഹമാണ്. അത് തിരുത്താൻ ഞങ്ങൾ മൂന്ന് ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു. നേപ്പാളിന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവ നിലനിർത്തി ദേശീയ താൽപര്യം സംരക്ഷിക്കുക എന്നത് സർക്കാറിന്‍റെയും നേപ്പാളി പൗരന്റെയും പ്രഥമ കടമയാണെന്നതിൽ സംശയമില്ല’ -ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി കാഠ്മണ്ഡു മേയർ ഫേസ്ബുക്കിൽ കുറിച്ചു.
തുടർന്ന് ഇന്നലെ വൈകുന്നേരം തന്നെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ പൊലീസിനെ വിന്യസിച്ച് ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിരോധിക്കണമെന്ന സന്ദേശം മേയർ കൈമാറിയിരുന്നു.
അതേസമയം, 1903-ന് മുമ്പ് നേപ്പാൾ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അതിനാലാണ് ജനകന്‍റെ മകളെ ഇന്ത്യയിൽ ജനിച്ചതായി ചിത്രീകരിച്ചതെന്നും ചിത്രത്തിന്റെ എഴുത്തുകാരൻ മനോജ് മുൻതഷിർ ശുക്ല പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.