ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പിടി നല്ല ഓർമകളാണ് എനിക്കും കെ.ജി. ജോർജ് സാറിനുമിടയിലുണ്ടായിരുന്നത്. സ്വപ്നാടനമെന്ന സിനിമ പുറത്തിറങ്ങിയ ഉടൻതന്നെ അടുത്ത സിനിമയുടെ ആലോചനകൾക്കായി എറണാകുളത്തെ ഹോട്ടലിൽ കഴിയവെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞാനന്ന് ചിത്ര പൗർണമി എന്ന പേരിൽ സിനിമ വാരിക നടത്തുകയായിരുന്നു. അതിലേക്ക് അഭിമുഖം എടുക്കുന്നതിനാണ് അദ്ദേഹത്തെ കാണുന്നത്. ആ സൗഹൃദം അധികം വൈകാതെ ആത്മബന്ധമായി മാറി. പിന്നീട് ഞാനും സിനിമ മേഖലയിൽ സജീവമായതോടെ ബന്ധം കൂടുതൽ ദൃഢമായി.
‘അനുഭവങ്ങളേ നന്ദി’ എന്ന എന്റെ ആദ്യ കഥ ഐ.വി. ശശി സിനിമയാക്കിയെങ്കിലും ഇടക്ക് െവച്ച് ബ്രേക്കായി. തൃപ്പൂണിത്തുറയിലുള്ള രാമഭദ്രൻ തമ്പുരാനായിരുന്നു നിർമാതാവ്. അനുഭവങ്ങളേ നന്ദി അൽപം വൈകുമെന്ന് തോന്നിയപ്പോൾ അദ്ദേഹത്തിന് ഉടനെ മറ്റൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം പറഞ്ഞു. ഞാനാണ് കെ.ജി. ജോർജ് സാറിനെ നിർദേശിച്ചത്. തുടർന്നാണ് രാപാടികളുടെ ഗാഥ എന്ന ചിത്രം പിറന്നത്. പത്മരാജന്റെ തിരക്കഥയിൽ സോമനും വിധുബാലയുമായിരുന്നു നായികാ നായകന്മാർ. അത് സംസ്ഥാനതലത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി. ഈ സിനിമയോടെയാണ് ഞങ്ങളുടെ ബന്ധം ദൃഢമാകുന്നത്. മാക്ട ചെയർമാനെന്ന നിലയിലും ഏറെനാൾ ഒരുമിച്ച് പ്രവർത്തിച്ചു.
തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരേ രീതിയിൽ ഇടപെട്ടു. മറ്റുള്ളവർക്ക് വലിയ പ്രചോദനമായിരുന്നു. കലാകാരന്മാരെ ആദരിക്കുന്നതിലും പിശുക്ക് കാണിച്ചില്ല. ഇത്തരം ഗുണങ്ങളാണ് മലയാള സിനിമ എക്കാലവും സ്മരിക്കുന്ന മികച്ചൊരു സംവിധായകനാക്കി വളർത്തിയത്. സിനിമ മേഖലയിലുള്ളവർക്കും ഇനി വരാനുള്ളവർക്കും പാഠപുസ്തകമാണദ്ദേഹം.
സിനിമ ജീവിതത്തിനിടെയാണ് ജീവിതസഖിയെയും കെ.ജി. ജോർജിന് ലഭിച്ചത്. സ്വപ്നാടനമെന്ന തന്റെ ചിത്രത്തിൽ പാട്ടുകാരിയാകാൻ എത്തിയ സൽമയെയാണ് പിന്നീട് അദ്ദേഹം വിവാഹം കഴിച്ചത്. മദ്രാസില്‍ റോഡില്‍വെച്ചാണ് സല്‍മ പാടാന്‍ അവസരം ചോദിച്ചത്. അതില്‍ ഉണ്ടായിരുന്ന നാലുപാട്ടും കട്ട് ചെയ്തു പോയെന്നും അടുത്ത ചിത്രത്തിലാകട്ടെയെന്നും മറുപടി നൽകി. രണ്ടാമത്തെ സിനിമയായ ‘ഓണപ്പുടവ’യില്‍ അവസരം നൽകി.
പിന്നെ ‘ഉള്‍ക്കടലി’ലും. ഈ പാട്ടുകാരിയെ പിന്നീട് ജീവിതസഖിയാക്കുകയായിരുന്നു. സിനിമയില്‍ ഗാനം അവശ്യഘടകമായി തോന്നിയിട്ടില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്. പക്ഷേ, യവനികയിലും ഉള്‍ക്കടലിലും അത് ആവശ്യമായിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. ഉൾക്കടലിലെ ‘ശരദിന്ദു മലർദീപനാളം നീട്ടി’ എന്ന ഗാനം ആലപിച്ചത് സൽമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.