കന്നഡ സൂപ്പർതാരം യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 എന്ന ബ്രഹ്മാണ്ഡ ചിത്രം റെക്കോർഡ് കളക്ഷനുമായി ഇപ്പോഴും കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുന്ന ചിത്രം ബോളിവുഡിലെ പല വമ്പൻ സിനിമകളുടെ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചുകഴിഞ്ഞു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിക്കൊണ്ടായിരുന്നു രണ്ടാം ഭാഗം അവസാനിച്ചത്. അതോടെ ആരാധകരും ആവേശത്തിലായിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന്റെ നിർമാതാവ് തന്നെ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്.
ഒക്ടോബരില്‍ ചിത്രീകരണം ആരംഭിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 3 'മാർവൽ സിനിമാറ്റിക് യൂനിവേഴ്സ്' ശൈലിയിൽ ഒരുക്കാനാണ് പദ്ധതിയിടുന്നതെന്ന് വിജയ് കിരഗന്ദൂർ അറിയിച്ചു. 2024ലാണ് ചിത്രം തിയറ്ററുകളിലെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഹോംബാലെ ഫിലിംസ് സ്ഥാപകനായ വിജയ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
'മാർവൽ പോലുള്ള ഒരു യൂനിവേഴ്സ് ഉണ്ടാക്കാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്. വിവിധ സിനിമകളിലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഡോക്ടർ സ്ട്രേഞ്ച് പോലൊരു സിനിമ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. സ്പൈഡർ മാൻ ഹോം കമിങ് അല്ലെങ്കിൽ ഡോക്ടർ സ്ട്രേഞ്ച് പോലുള്ള സിനിമകളിൽ സംഭവിച്ചത് പോലെ. അതിലൂടെ എളുപ്പത്തിൽ കൂടുതൽ ആളുകളിലേക്ക് സിനിമയെത്തിക്കാൻ കഴിയും എന്ന് തോന്നുന്നു.
അതേസമയം, സംവിധായകൻ പ്രശാന്ത് നീൽ ഇപ്പോൾ പ്രഭാസിനെ നായകനാക്കിയുള്ള സലാറിന്റെ തിരക്കിലാണെന്നും നിർമാതാവായ വിജയ് പറഞ്ഞു. ഈ വർഷം ഒക്ടോബർ - നവംബർ മാസത്തോടെ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം കെ.ജി.എഫ് ചാപ്റ്റർ മൂന്ന് ചിത്രീകരണം തുടങ്ങിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.